vacti
പുത്തരിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ കുട്ടികളെയും കൊണ്ടെത്തിയ അമ്മമാർ കൊവിഡ് ടെസ്റ്റിനെത്തിയ രോഗികൾക്കൊപ്പം കാത്തുനിൽക്കുന്നു

പരപ്പനങ്ങാടി : കൊവിഡ് ടെസ്റ്റ് നടത്താനെത്തുന്നവരും വാക്സിനെടുക്കാൻ കുട്ടികളെയും കൊണ്ടുവരുന്ന അമ്മമാരും ഒരേ സ്ഥലത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണ് പുത്തരിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ. കൊവിഡിനൊപ്പം പകർച്ചപ്പനിയും മേഖലയിൽ വ്യാപകമായതിനാൽ കൊവിഡ് ടെസ്റ്റിനായി ഏറെ ആളുകളെത്തുന്നുണ്ട്. കുട്ടികൾക്ക് വാക്സിനെടുക്കാൻ അമ്മമാരെത്തുന്നതും ഇവിടേയ്ക്കാണ്. എല്ലാവരും ആശുപത്രി പ്രധാന കവാടത്തിൽ കൂടിക്കലരുന്ന അവസ്ഥയുണ്ട് . നേരത്തെ ബുക്ക് ചെയ്തവരാണ് കൊവിഡ് ടെസ്റ്റിനെത്തുന്നത്. കുട്ടികൾക്കുള്ള വാക്സിനെടുക്കുന്ന ദിവസങ്ങളിലും കൊവിഡ് പരിശോധന നടത്തുന്നത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന് ഇടവരുത്തുമെന്ന് ആശങ്കയുണ്ട്. മറ്റു അസുഖമുള്ളവരും ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട് . ക്വാറന്റൈനിൽ കഴിയുന്നവരും പനിയും തലവേദനയും തൊണ്ടവേദനയുമൊക്കെ ഉള്ളവരാണ് കൊവിഡ് ടെസ്റ്റിനെത്തുന്നത്.
കഴിഞ്ഞ ദിവസം നെടുവ ഗവ: ഹൈസ്‌കൂളിൽ പ്രവർത്തനമാരംഭിച്ച പ്രാഥമിക കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് കൊവിഡ് ടെസ്റ്റ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം .