rasheed
കട്ടർ റഷീദ്

മഞ്ചേരി: കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദ് എന്ന വെള്ളാട്ടുചോല റഷീദിനെ പ്രത്യേക അന്വേഷണ സംഘം അരീക്കോട് വച്ച് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അഞ്ചോളം മോഷണക്കേസുകൾക്ക് തുമ്പായി .
കഴിഞ്ഞ മേയ് മൂന്നിന് അരീക്കോട് തെരട്ടമ്മൽ സ്വദേശി കളത്തിങ്ങൽ മുഹമ്മദാലിയുടെ വീട്ടിൽ ജനൽ തുറന്ന് അകത്തുകടന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആറുപവനോളം വരുന്ന സ്വർണാഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത സംഭവത്തിനു പിന്നിൽ റഷീദാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു
മോഷണശേഷം വീട്ടിൽ നിറുത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളുടെ കേബിളുകൾ മുറിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. വീട്ടുകാർ ഉണർന്നാൽ ബൈക്കിൽ പിന്തുടരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി മൊഴി നൽകി.
70 ഓളം മോഷണക്കേസുകളിലെ പ്രതിയായ റഷീദ് രണ്ടാഴ്ച മുമ്പാണ് കൽപ്പകഞ്ചേരി സ്റ്റേഷനിൽ മോഷണക്കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയത്. ഒരാഴ്ച തികയും മുമ്പ് കോഴിക്കോട് ഓമശ്ശേരിയിലെ ഒരു വീട്ടിൽ നിന്നും സ്‌കൂട്ടർ മോഷ്ടിച്ചു. ഇതേ സ്‌കൂട്ടർ ഉപയോഗിച്ച് കൊടുവള്ളി ഭാഗത്ത് ഒരു വീട്ടിലെത്തി ആറുപവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർച്ച നടത്തി.
അരീക്കോട് പരിസരത്ത് വീണ്ടും മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഓമശ്ശേരിയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറും മോഷണത്തിനുള്ള കട്ടർ, സ്‌ക്രൂ ഡ്രൈവർ, കൈയുറ എന്നിവയും സഹിതം ഇയാളെ പിടികൂടിയത്. പാണ്ടിക്കാട് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ , അരീക്കോട് എസ്.ഐ നാസർ, എസ്.ഐമാരായ വിജയൻ , അമ്മദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണിക്കൃഷ്ണൻ മാരാത്ത് , സിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.