akkitham

'ഒരു കണ്ണീർ കണം ഞാൻ

മറ്റുള്ളവർക്കായി പൊഴിക്കവേ

ഉദിക്കയാണെൻ ആത്മാവി-

ലായിരം സൗരമണ്ഡലം.' - എന്നിങ്ങനെയുള്ള അസുലഭസുന്ദരങ്ങളായ വരികളെഴുതിയ അക്കിത്തത്തിന്റെ ഭാവന ആദ്യം വിടർന്നത് ചിത്രങ്ങളായിട്ടായിരുന്നു. അമ്പലച്ചുവരുകളിൽ ചെറുചിത്രങ്ങൾ വരച്ച് അക്കിത്തത്തെ ഉണ്ണി ബാല്യത്തിൽ വീട്ടുകാരെ വിസ്മയിപ്പിച്ചു. എന്നാൽ,​ അമ്പലച്ചുവരിലെ ചിത്രം ആരോ അലങ്കോലമാക്കിയപ്പോൾ അതിനോട് പ്രതികരിക്കാൻ ചിത്രഭാഷ പോരെന്ന് ഉണ്ണിക്ക് തോന്നി. അങ്ങനെ നാലുവരിയിൽ പ്രതിഷേധം കാവ്യമായി. തുടർന്ന് ജീവിതത്തിന്റെ നിഴലും നിലാവും വീണ വഴികളിൽ തന്നെ സ്പർശിച്ചതെല്ലാം കവിതയുടെ സ്പർശമണികളാക്കി.

പതിന്നാലാം വയസിലാണ് വേദപഠനം പൂർത്തിയാക്കിയത്. സംസ്‌കൃത പഠനം കൊടക്കാട് ശങ്കുണ്ണിയിൽ നിന്ന്. ആറു മാസംകൊണ്ട് അതിൽ നിപുണനായി. മൂന്നുമാസക്കാലം ജ്യോതിഷവും അഭ്യസിച്ചു. ഇംഗ്ലീഷ് പഠിക്കണമെന്നായിരുന്നു മോഹം. കുടുമ മുറിക്കണമെന്നതിനാൽ പിതാവ് എതിർത്തു. കുമരനെല്ലൂർ സ്‌കൂളിലെ അദ്ധ്യാപകനായ ടി. ഉണ്ണിക്കൃഷ്ണമേനോനാണ് പിതാവുമായി സംസാരിച്ച് ഇംഗ്ലീഷ് പഠനത്തിലേക്ക് വഴി തുറന്നിട്ടത്. വീട്ടിലിരുന്ന് ഒരു വർഷംകൊണ്ട് ഉണ്ണിക്കൃഷ്ണ മേനോനിൽ നിന്ന് ഇംഗ്ലീഷും കണക്കും അഭ്യസിച്ച് പരീക്ഷയെഴുതി പാസായി. ഇംഗ്ലീഷ് പഠനത്തിനു ശേഷമാണ് കുടുമ മുറിച്ചത്. കുമരനെല്ലൂർ സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. പഠിപ്പുതുടരാനായില്ല.

ചിത്രകല,സംഗീതം,ജ്യോതിഷം എന്നിവയിലായിരുന്നു താത്പര്യം. എട്ടാം വയസുമുതൽ കവിത എഴുതിത്തുടങ്ങി. പൊന്നാനി കളരിയിൽ അംഗമായതോടെ ഇടശ്ശേരി, വി.ടി, ഉറൂബ്, നാലപ്പാടൻ എന്നിവരുടെ സന്തതസഹചാരിയായി. ഈ കൂട്ടായ്മയാണ് അക്കിത്തത്തിലെ കവിത്വത്തെ പ്രഭുല്ലമാക്കിയത്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാന പ്രവർത്തനങ്ങളും സ്വാധീനിച്ചിരുന്നു. യോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനെന്ന നിലയിൽ നമ്പൂതിരി സമുദായ പരിഷ്‌കരണങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. 1946 - 49 കാലത്ത് യോഗക്ഷേമ സഭയുടെ പ്രമുഖ നേതാക്കളായിരുന്ന വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്‌സണൽ സെക്രട്ടറി കൂടിയായിരുന്നു.