congrass

പരപ്പനങ്ങാടി: തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച് യു.ഡി.എഫിലെ ചർച്ച അലസിയതോടെ പരപ്പനങ്ങാടിയിൽ വീണ്ടും ജനകീയ മുന്നണിക്ക് സാദ്ധ്യത. മുസ്‌ലിം ലീഗുമായി കോൺഗസ് നേതൃത്വം ഇതിനകം മൂന്ന് ചർച്ചകൾ നടത്തിയെങ്കിലും സീറ്റ് ധാരണ പൂർത്തിയായിട്ടില്ല. പതിനഞ്ചാം ഡിവിഷൻ സംബന്ധിച്ച തർക്കമാണ് ചർച്ച അലസി പിരിയാൻ കാരണം. കോൺഗ്രസിന്റെ ഔദ്യോഗിക വിഭാഗം വിജയിച്ച ഏക സീറ്റാണിത്. ഈ സീറ്റിനായി മുസ്‌ലിം ലീഗ് നേതൃത്വം കടുംപിടുത്തം തുടരുകയാണെങ്കിൽ യു.ഡി.എഫ് സംവിധാനം തകരും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഒ.സലാമിന്റെ ഭാര്യ റസിയ സലാമാണ് ഇവിടത്തെ കൗൺസിലർ. ഈ ഡിവിഷൻ ലീഗിന് വിട്ടുകൊടുക്കില്ലെന്ന് യു.ഡി.എഫ് ചെയർമാൻ കൂടിയായ അബ്ദുൽസലാം പറയുന്നു. അതേസമയം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഎമ്മുമായി കൂട്ടുകൂടി ജനകീയ മുന്നണിയായി മത്സരിക്കുന്നതിനോട് വലിയൊരു വിഭാഗത്തിന് എതിർപ്പുള്ളതായും വിവരമുണ്ട്.15ാം ഡിവിഷൻ കിട്ടിയില്ലെങ്കിൽ യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് അടക്കമുള്ള കടുത്ത നടപടിയിലേക്ക് കോൺഗ്രസ് നീങ്ങാനാണ് സാദ്ധ്യത .

മുന്നണിയിൽ വിള്ളൽ

അടുത്തിടെയാണ് പരപ്പനങ്ങാടിയിൽ യു.ഡി.എഫ് സംവിധാനം വീണ്ടും ശക്തിയാർജ്ജിച്ചത്. 2015ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രബല വിഭാഗം ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ജനകീയ മുന്നണിക്കൊപ്പം നിന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജനകീയ മുന്നണിക്കൊപ്പം നിന്ന കോൺഗ്രസിലെ ഒരുവിഭാഗം യു.ഡി.എഫിനൊപ്പം പ്രവർത്തിക്കുകയും ജനകീയ മുന്നണിയിൽ മത്സരിച്ചു ജയിച്ച നാല് കൗൺസിലർമാരിൽ മൂന്ന് പേരും കോൺഗ്രസിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതോടെ 45 അംഗ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസിന് നാല് അംഗങ്ങളാണ് ഉണ്ടായിരുന്നത്.

ഇപ്പോഴത്തെ കക്ഷി നില
യു.ഡി.എഫ്: 24 (മുസ്‌ലിം ലീഗ്-19, കോൺഗ്രസ്- 4, യു.ഡി.എഫ് സ്വതന്ത്രൻ- 1 ),ജനകീയ മുന്നണി 17.(സിപിഎം -3,എൽ.ഡി.എഫ് സ്വതന്ത്രർ-14).ബി.ജെ.പി - 4.