
പൊന്നാനി: കാവ്യങ്ങൾ കൊണ്ട് വസന്തം തീർത്ത പൊന്നാനിക്കളരിയിൽ നിന്ന് ഒരു പുഷ്പം കൂടി കൊഴിഞ്ഞു വീണു. ഇടശ്ശേരി, ഉറൂബ്, വി.ടി ഭട്ടതിരിപ്പാട്, കടവനാട് കുട്ടികൃഷ്ണൻ എന്നിങ്ങനെ എഴുത്തിന്റെ സുഗന്ധം പരത്തിയ മഹാരഥന്മാരുടെ കൂട്ടത്തിലെ അവസാന കണ്ണിയായാണ് അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട് കാലയവനികയിലേക്ക് മാഞ്ഞത്. സാഹിത്യ ലോകത്തെ പുഷ്‌കലമായ പൊന്നാനി കളരിയെ മുന്നോട്ടു നയിച്ച മഹാപ്രയാണത്തിന്റെ ഒരുഘട്ടത്തിനാണ് അക്കിത്തത്തിന്റെ വിയോഗത്തിലൂടെ തലമുറ മാറ്റം വരുന്നത്.
പൊന്നാനിയിൽ നിന്ന് മലയാളത്തോളം വളർന്ന മഹാരഥന്മാരുടെ കൂട്ടായ്മയായിരുന്നു പൊന്നാനിക്കളരി. സാഹിത്യ പ്രവർത്തനങ്ങൾക്കപ്പുറം നവോത്ഥാന പ്രവർത്തനങ്ങൾക്കും, സാംസ്‌ക്കാരിക പ്രവർത്തനങ്ങൾക്കും കനപ്പെട്ട സംഭാവനകളാണ് പൊന്നാനി കളരിയെന്ന പേരിൽ പിൽകാലത്ത് അറിയപ്പെട്ട ഈ കൂട്ടായ്മയുടെ നൽകി പോന്നത്.
പഴയ പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്ന കുമരനെലൂരിൽ നിന്ന് അക്കിത്തമെത്തിയത് കരുത്തിന്റെ കവിയായ ഇടശ്ശേരിയുടെ നിഴലും സഹയാത്രികനുമായാണ്. കുറ്റിക്കാട് നാരായണൻ വൈദ്യരുടെ കടയിലെ സായാഹ്ന കൂട്ടായ്മ പിന്നീട് എത്തിയത് സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജം ആവാഹിച്ച് നിളയുടെ മണൽപരപ്പിലെ മോട്ടിലാൽ ഘട്ടിൽ. ഇതിനിടെയാണ് മർദ്ദിത വിഭാഗത്തിന് ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശം പകർന്ന കൂട്ടുകൃഷിയെന്ന നാടകം പിറവി കൊള്ളുന്നത്.
പൊന്നാനി ബി.ഇ.എം. യു.പി.സ്‌കൂളിലെ പരിശീലനക്കളരിയിൽ അക്കിത്തവും നിറസാന്നിദ്ധ്യമായി. മഹാരഥൻമാരായ സാഹിത്യകാരുമായുള്ള സഹവാസം അക്കിത്തത്തിലെ എഴുത്തുകാരനെ തേച്ചുമിനുക്കിയെടുത്തു. പിന്നീട് നാടകപ്രവർത്തനങ്ങൾക്കും, വായനശാല പ്രസ്ഥാനങ്ങൾക്കുമെല്ലാം പൊന്നാനി കളരിയിലെ മഹാരഥൻമാർ മുന്നിട്ടിറങ്ങി.
പൊന്നാനിക്കാരനും, സ്വാതന്ത്ര്യസമര സേനാനിയുമായ സി. ചോഴുണ്ണിയുമായും, ശൂലപാണി വാര്യരുമായും ആത്മബന്ധം പുലർത്തിയ അക്കിത്തത്തിന്റെ സാഹിത്യ സപര്യക്ക് ഊടും പാവും നൽകിയത് പൊന്നാനിക്കളരിയെന്ന വളക്കൂറുള്ള മണ്ണായിരുന്നു.
കൃഷ്ണ പണിക്കർ വായനശാല സ്ഥാപിതമായതോടെ എഴുത്തുകാരുടെ സംഘത്തിന്റെ പ്രധാന താവളമായി ഈ വായനശാല മാറി. പിന്നീട് എഴുത്തുകാരോരോന്നും വിടവാങ്ങിയപ്പോഴും, അക്കിത്തം സാഹിത്യത്തിന്റെ ഗിരിശൃംഖങ്ങൾ കീഴക്കടക്കുകയായിരുന്നു. ആകാശവാണിയിലെ ജോലി കഴിഞ്ഞതിന് ശേഷവും പൊന്നാനിയുമായുള്ള ആത്മബന്ധം അദ്ദേഹം കെടാതെ സൂക്ഷിച്ചു. ഓരോ ഇടശ്ശേരി സ്മാരക പുരസ്‌ക്കാര ചടങ്ങിലും, അക്കിത്തത്തിന്റെ സാന്നിദ്ധ്യം ഒഴിച്ചുകൂടാത്ത ഒന്നായി മാറി. മഹാകവി വിടപറയുമ്പോൾ കുറ്റിയറ്റ് പോവുന്നത് പൊന്നാനി കളരിയിലെ അവസാന കണ്ണികളിലൊരാൾ കൂടിയാണ്.