money

എത്ര കൊണ്ടാലും പഠിക്കില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസിയുടെ പേരിൽ 560 കോടി രൂപയുടെ അനധികൃത നിക്ഷേപമാണ് പൂക്കോട്ടുംപാടം സ്വദേശി നിഷാദ് കളിയിടുക്കിലിന്റെ പേരിലുള്ള ലോംഗ് റിച്ച് ടെക്നോളജി, ലോംഗ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വഴി സമാഹരിച്ചത്. നിക്ഷേപകർക്ക് വൻതുക ലാഭവിഹിതം വാഗ്ദാനം ചെയ്ത തട്ടിപ്പിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും മലപ്പുറത്തുകാരാണ്. ഇതിൽ തന്നെ പ്രവാസികളുമുണ്ട്. ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് പണം നിക്ഷേപിച്ചവരുമുണ്ട്. പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവർ ഇപ്പോൾ മുടക്ക് മുതൽ പോലും കിട്ടാതെ വെട്ടിലായി. നിഷാദിന്റെ രണ്ട് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്കിന്റെ രജിസ്ട്രേഷൻ ഇല്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. നിഷാദിന്റെ സ്ഥാപനങ്ങളായ ലോംഗ് റിച്ച് ടെക്നോളജി, ലോംഗ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഈ റജിസ്ട്രേഷൻ നേടിയിട്ടില്ല. അനധികൃതമായി കോടികളുടെ നിക്ഷേപം സമാഹരിച്ചതിന് നിഷാദിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൂക്കോട്ടുംപാടം പൊലീസ് പറഞ്ഞു. ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ രണ്ട് കോടി രൂപ മാത്രമാണുള്ളത്. ബാക്കി തുകയെല്ലാം നിരവധി അക്കൗണ്ടുകളിലേക്ക് തരംമാറ്റി. ഒമ്പത് മാസത്തിനിടെയാണ് 500 കോടിയിലധികം രൂപയുടെ നിക്ഷേപം വന്നതെന്ന് മാത്രം മതി നിക്ഷേപകർക്കിടയിൽ ഇതിന്റെ സ്വാധീനം മനസിലാക്കാൻ. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന മോറിസ് കോയിൻ തട്ടിപ്പ് മലപ്പുറത്തിന് പിന്നാലെ മറ്റു ജില്ലകളിലും വേരുറപ്പിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ ഇവക്കെതിരെ നടപടികളെടുത്തിട്ടില്ലെങ്കിൽ കോടികളുടെ മറ്റൊരു തട്ടിപ്പിനാവും വേദിയൊരുങ്ങുക.


പ്ലീസ് എന്നെയൊന്ന് പറ്റിക്കൂ

നിക്ഷേപിക്കുന്ന പണത്തിന് ഒരു കൊല്ലം കൊണ്ട് അഞ്ചിരട്ടിയിലധികം റിട്ടേൺ ലഭിക്കുമെന്ന സാമാന്യ യുക്തിക്ക് നിരക്കാത്ത ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് കളമൊരുക്കിയത്. 15,000 രൂപ നിക്ഷേപിച്ചാൽ ദിനം പ്രതി 270 രൂപ റിട്ടേണായി നൽകും. ഒരു കോയിന് 1,500 രൂപ പ്രകാരം 15,000 രൂപയ്ക്ക് 15 കോയിൻ വാങ്ങണം. ഇങ്ങനെ 300 ദിവസം കൊണ്ട് 81,000 രൂപ തിരിച്ചുനൽകും. ഓരോ ദിവസവും ലാഭവിഹിതം ബാങ്ക് അക്കൗണ്ടുകളിലെത്തും. കാലാവധിക്ക് ശേഷം മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് വഴി വിൽക്കുകയോ വിനിമയം നടത്തുകയോ ചെയ്യാമെന്നുമാണ് കമ്പനികളുടെ വാഗ്ദാനം. നിക്ഷേപത്തിനുള്ള പ്രതിദിന ലാഭത്തിന് പുറമെ പുതിയതായി ഒരാളെ ചേർത്താൽ 40 ശതമാനം വരെയാണ് കമ്മിഷൻ വാഗ്ദാനം ചെയ്തത്. തങ്ങളുടെ കോയിൻ 2022ൽ അമേരിക്കയിലെ ക്രിപ്‌റ്റോ കറൻസി ഓഹരി എക്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. മോറിസ് പേ വാലറ്റ് ഉപയോഗിക്കുന്നവർക്ക് എ.ടി.എം കാർഡ് നൽകുമെന്നും കമ്പനി പറയുന്നുണ്ട്. ആദ്യഘട്ടങ്ങളിൽ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ലാഭവിഹിതം എത്തിയത്. പിന്നീടിത് മോറിസ് പേ വാലറ്റിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. തുടർന്നാണ് ലാഭവിഹിതം ലഭിക്കുന്നില്ലെന്ന പരാതികളുയർന്നത്. ഒരുമാസത്തോളമായി ലാഭവിഹിതം നൽകുന്നത് സ്തംഭിച്ചിരിക്കുകയാണ്. 2019ൽ പോൺസി സ്‌കീമുകൾ സർക്കാർ ദ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ട്. ഇത്തരം കമ്പനികൾ നിക്ഷേപം സ്വീകരിക്കുന്നതും നടന്നതും നിയമവിരുദ്ധമാണ്.

നഷ്ടസാദ്ധ്യതയില്ലാത്ത ഒരുബിസിനസുമില്ലെന്ന ചിന്ത പോലും നിക്ഷേപകർക്കുണ്ടാവുന്നില്ല. കുറഞ്ഞ കാലയളവിൽ നഷ്ട സാദ്ധ്യതയില്ലാതെ വൻ നിക്ഷേപ വളർച്ചയാണ് പോൺസി സ്‌കീമുകളുടെ വാഗ്ദാനം. ഔദ്യോഗിക റെഗുലേറ്ററി സംവിധാനങ്ങളിലൊന്നും ഇവ രജിസ്റ്റർ ചെയ്യുകയുമില്ല. തുടക്കത്തിൽ ചേരുന്നവർക്ക് മികച്ച ലാഭം നൽകി ഇവർ വഴി നിക്ഷേപകരെ വലയിട്ടു പിടിച്ച് ഒരു സുപ്രഭാതത്തിൽ കമ്പനി തന്നെ അപ്രത്യക്ഷമാവുന്നത് പുതിയ കാഴ്ച്ചയേയല്ല. സാമൂഹ്യമാദ്ധ്യമങ്ങൾ വഴി വലിയതോതിൽ പ്രചാരണം നടക്കുന്നതിനാൽ വളരെ വേഗത്തിലാണ് നിക്ഷേപകരുടെ കണ്ണികൾ വലുതാവുന്നത്. ആട് തേക്ക് മാഞ്ചിയം മുതൽ വലിയ തട്ടിപ്പുകളുടെ കഥകൾ ദിനംപ്രതി പുറത്തുവരുമ്പോഴും ഇത്തരം കമ്പനികളിൽ പണം നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. അനധികൃത പണമിടപാട് കേന്ദ്രങ്ങളിലാണ് പണം നിക്ഷേപിക്കുന്നത് എന്നതിനാൽ പരാതിയുമായി വരാൻ മിക്കവരും മടിക്കുന്നതും ഇത്തരം തട്ടിപ്പികൾക്ക് കളമൊരുക്കുന്നു.


പരാതിപ്പെട്ടാൽ ബ്ലോക്ക് ചെയ്യും

കമ്പനിയുടെ തട്ടിപ്പുകൾ പുറത്തുവന്നതോടെ പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവർക്ക് റീഫണ്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെ വാങ്ങാമെന്നാണ് ശബ്ദസന്ദേശവുമായി കമ്പനി സി.ഇ.ഒ നിഷാദ് രംഗത്തുവന്നിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം മോറിസിൽ നിക്ഷേപിക്കരുതെന്നും പണമുണ്ടാക്കുകയെന്ന ലക്ഷ്യമുള്ളവർ മാത്രം ചേർന്നാൽ മതിയെന്നുമാണ് നിഷാദിന്റെ വാദം. നിക്ഷേപ പദ്ധതി വ്യാജമാണോയെന്ന് സംശയം ഉന്നയിക്കുന്നവരെ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നു. എന്നാൽ റീഫണ്ട് ഓപ്ഷന് ശ്രമിച്ചവ‌ർക്ക് ഇതിന് കഴിയാതെ നിരാശരാകേണ്ടി വന്നു. നിക്ഷേപകർക്ക് പോലും നിഷാദിന്റെ കമ്പനികളെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. 2018ൽ പ്രവർത്തം ആരംഭിച്ചെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ വെബ് സൈറ്റിൽ എളുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാനുള്ള ഓൺലൈൻ പഠന സംരംഭമായാണ് വിശേഷിപ്പിക്കുന്നത്. എവിടെയും മോറിസ് കോയിനെക്കുറിച്ച് പറയുന്നേയില്ല. ബംഗളൂരുവിലെ ഓഫിസിന്റെ മേൽവിലാസവും ഒരു ഫോൺ നമ്പറും മാത്രമാണ് ആകെയുള്ള വിവരങ്ങൾ. എൽ.ആർ ട്രേഡിംഗ് എന്ന പേരിലുള്ള മറ്റൊരു വെബ്‌സൈറ്റിലും കൃത്യം വിവരങ്ങൾ ലഭ്യമല്ല. സോഷ്യൽ മീഡിയ വഴിയാണ് കമ്പനിയുടെ പ്രവർത്തനങ്ങളൊക്കെയും.