
തിരൂരങ്ങാടി: സോഷ്യൽ മീഡിയ നിറയെ തദ്ദേശതിരഞ്ഞെടുപ്പിൽ വിവിധ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ബഹളമാണ്. പാർട്ടികളും വോട്ടർമാരും സ്ഥാനാർത്ഥികളുടെ നിര കണ്ട് അന്തം വിട്ടുനിൽക്കുന്നു. ഒരേ വാർഡിൽ തന്നെ ഒരു പാർട്ടിക്ക് നിരവധി സ്ഥാനാർത്ഥികളുണ്ടെന്നതാണ് കാരണം.
സ്ഥാനാർത്ഥിനിർണ്ണയത്തിനുള്ള ചർച്ചകൾ ആരംഭഘട്ടത്തിലാണെന്നിരിക്കേയാണ് സ്ഥാനാർത്ഥികളെന്ന പേരിൽ വിവിധ നേതാക്കളുടെ പേരുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. പാർട്ടികളിലെ വിവിധ ഗ്രൂപ്പുകളും സ്ഥാനാർത്ഥിമോഹിയുടെ അനുയായികളുമാണ് ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ. വ്യക്തിയുടെ ബയോഡാറ്റയും പ്രവർത്തനപരിചയവും സത്ഗുണങ്ങളുമെല്ലാം വാഴ്ത്തിപ്പാടുന്ന ലിസ്റ്റിനൊപ്പം ഈ വാർഡിൽ ഇയാളാണ് സ്ഥാനാർത്ഥി എന്നുള്ള പ്രഖ്യാപനമാണ് സോഷ്യൽമീഡിയയിലൂടെയും പരക്കുന്നത്. പാർട്ടി നേതൃത്വമോ ഉന്നതനേതാക്കളുടെയോ അറിവോടെയല്ല ഇത്തരം പ്രചാരണം. തങ്ങളുടെ ആളാണ് സ്ഥാനാർത്ഥിയെന്ന പ്രതീതി പരത്താനും നേതാക്കളിൽ സമ്മർദ്ദം സൃഷ്ടിക്കാനും ഇത്തരം പ്രചാരണങ്ങൾ ഉപയോഗിക്കുന്നവരുണ്ട്. ഒരു വാർഡിലേക്ക് തന്നെ ഒരു പാർട്ടിയിലെ നിരവധി പേരുകൾ സ്ഥാനാർത്ഥിയായി പ്രചരിക്കുന്ന സാഹചര്യമുണ്ട്. സോഷ്യൽ മീഡിയയിലൂടെ ക്ഷണനേരം കൊണ്ട് ഇവ പ്രചരിക്കുന്നതിനാൽ അണികൾക്കിടയിലും വോട്ടർമാർക്കിടയിലും വലിയ ആശയക്കുഴപ്പമാണ് ഇതുണ്ടാക്കുന്നത്. ഗ്രൂപ്പുപോരുകൾ മൂർച്ഛിക്കാനും ഇതു കാരണമാകുമെന്ന ആശങ്ക പാർട്ടികൾക്കുള്ളിലുണ്ട്. സംവരണ വാർഡുകളുടെ പ്രഖ്യാപനം പല സീറ്റ് മോഹികളുടെയും മോഹങ്ങൾ ഇതിനകം തകർത്തിട്ടുണ്ട്. പുതിയ സീറ്റിൽ സ്ഥാനം ഉറപ്പിക്കാനായി അവരും സോഷ്യൽമീഡിയയിലൂടെ രംഗത്തുണ്ട്. എന്തായാലും സോഷ്യൽമീഡിയയിലൂടെ സീറ്റ് ബുക്ക് ചെയ്യുന്ന സംഭവങ്ങൾ വരുംദിനങ്ങളിൽ ഉണ്ടാക്കുന്ന പുകിലുകളെക്കുറിച്ചോർത്ത് തലപുകയ്ക്കുകയാണ് നേതാക്കൾ.