 
തിരൂരങ്ങാടി: പാലത്തിങ്ങൽ ചീർപ്പിങ്ങലിലെ സയൻസ് പാർക്കിന്റെ ആദ്യഘട്ട നിർമ്മാണം ജനുവരിയിൽ പൂർത്തിയാവും. പ്ലാനിറ്റോറിയം, ബയോസെൻസിക് പാർക്ക്, സയൻസ് പാർക്ക്, ബട്ടർഫ്‌ളൈ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, അനിമൽ പാർക്ക്, ഔഷധ ഉദ്ധ്യാനം, വാട്ടർ ഫൗണ്ടെൻ, മ്യൂസിക്കൽ ഗാർഡൻ, പൂന്തോട്ടം, വാന നിരീക്ഷണ കേന്ദ്രം, ത്രീഡി തിയേറ്റർ, കോമ്പൗണ്ട് വാൾ എന്നിവ ഉൾപ്പെടെ മൂന്ന് കോടിയുടെ പ്രവൃത്തികളാണിപ്പോൾ പുരോഗമിക്കുന്നത്. രണ്ടാംഘട്ടത്തിൽ ഏഴ് കോടിയുടെ നിർമ്മാണം നടക്കും. കൂടുതൽ ആകർഷണീയമായതും അത്യാധുനിക സംവിധാനങ്ങളോടും കൂടിയ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പ്രധാന സെന്ററിന് പുറമെ കേരളത്തിൽ ആദ്യമായാണ് ഒരുസയൻസ് പാർക്ക് നിലവിൽ വരുന്നത്.
സയൻസ് പാർക്കിനായി ചീർപ്പിങ്ങലിലെ ജലവിഭവ വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന മൂന്ന് ഏക്കർ ഭൂമി ഉന്നത വിദ്യഭ്യാസ വകുപ്പിന് വിട്ടുനൽകിയിരുന്നു. ജില്ലയിലെ ആദ്യത്തെ വാനനിരീക്ഷണ കേന്ദ്രമാണ് ചീർപ്പിങ്ങലിൽ ഒരുങ്ങുന്നത്. ആകാശം, നക്ഷത്രരാശികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, മേഘങ്ങൾ, അന്തരീക്ഷം, മറ്റു പ്രതിഭാസങ്ങൾ തുടങ്ങി മനുഷ്യനെ എക്കാലത്തും കൗതുകമുണർത്തിയിരുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവും അനുഭൂതിയും പകരുന്നതാവും വാനനിരീക്ഷണ കേന്ദ്രം. നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച്ച മുതൽ വലിയ ഒബ്സർവേറ്ററികളിലെ പടുകൂറ്റൻ വാനനിരീക്ഷണങ്ങൾ വരെ ഉൾപ്പെടുന്നുണ്ട്.
54 തൂണുകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയുടെയും രണ്ടാംനിലയുടെ ഖുബ്ബയുടെ നിർമ്മാണവും വയറിംഗും പൂർത്തിയായിട്ടുണ്ട്. നേരത്തെ മൂന്ന് ഏക്കർ ഭൂമിയുടെ ഫെൻസിഗും ചുറ്റുമതിൽ നിർമ്മാണവും പൂർത്തികരിച്ചിരുന്നു. സീലിംഗും പെയിന്റിംഗുമാണ് ഇനി പൂർത്തിയാകാനുള്ളത്. നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ പി.കെ അബ്ദുറബ്ബ് എം.എൽ.എയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.