
മലപ്പുറം: ജോസ്.കെ.മാണിയുടെ എൽ.ഡി.എഫ് പ്രവേശനം മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ ഇടതുപക്ഷത്തേക്ക് പാർട്ടിയെ കൊണ്ടുപോവാൻ ജോസ് ശ്രമിച്ചിരുന്നു. ഇതൊഴിവാക്കാൻ രാജ്യസഭാ സീറ്റ് വിട്ടുനൽകി. യു.ഡി.എഫിൽ നിന്ന് സ്വയം പോയവർ ഇപ്പോൾ തങ്ങളെ പുറത്താക്കിയെന്ന് പ്രചരിപ്പിക്കുന്നത് രക്തസാക്ഷി പരിവേഷം ഉണ്ടാക്കാനാണ്. അവർക്ക് അധികകാലം എൽ.ഡി.എഫിൽ തുടരാനാവില്ല. യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം 23ന് നടക്കുമെന്നും എം.എം.ഹസൻ പറഞ്ഞു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയവർ പങ്കെടുത്തു.