crime

കൊണ്ടോട്ടി: സ്‌കൂൾ,​ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി എത്തിച്ച 25.5 കിലോ കഞ്ചാവുമായി യുവാവ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പാലക്കാട് പുല്ലരിക്കോട് തരകൻതൊടി വീട്ടിൽ മുഹമ്മദ് ഹനീഫ(25)യെ കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് പിടികൂടിയത്.

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചു വൻ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് കൊണ്ടോട്ടി കോടങ്ങാട്‌വെച്ച് കഞ്ചാവ് സഹിതം വാഹനവുമായി ഹനീഫ പിടിയിലായത്. ആന്ധ്രയിൽ നിന്ന് 500 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിൽ 50,000 രൂപയിലധികം രൂപയ്ക്കാണ് വില്പന. ഒരു തവണ കഞ്ചാവ് കടത്തുന്നതിൽ തന്നെ ലക്ഷങ്ങളുടെ ലാഭമാണ് സംഘത്തിന് ലഭിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് മുഖ്യ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.

ആന്ധ്രയിൽ നിന്ന് നേരിട്ട് ജില്ലയിലേക്ക് എത്തിക്കുന്ന കഞ്ചാവ് ലോക്ഡൗൺ കാലമായതോടെ പത്ത് ഇരട്ടി വിലയ്ക്കാണ് മറിച്ച് വിൽക്കാൻ കഴിയുന്നത്. ഇതോടെയാണ് പുതിയ ആളുകൾ കഞ്ചാവിന് പണമിറക്കാനും എത്തിക്കാനും, വിൽക്കാനുമായി സജീവമാകുന്നത്. വലിയ ലോറികൾ വാടകയ്ക്കെടുത്ത് പച്ചക്കറികളും മറ്റും കൊണ്ടു വരുന്നതിന്റെ മറവിലാണ് കഞ്ചാവ് എത്തിക്കുന്നത്. 10 മാസത്തിനിടെ 500 കിലോ കഞ്ചാവ്, എം.ഡി.എം, എൽ.എസ്.ഡി പോലുള്ള മാരക മയക്കുമരുന്നുകളുമാണ് മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. മലപ്പുറത്ത് കഴിഞ്ഞ മാസം അവസാനമാണ് 320 കിലോ കഞ്ചാവുമായി എട്ട് അംഗ സംഘത്തെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസൻ,നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ഷംസ് എന്നിവരുടെ നിർദ്ദേശത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം ബിജു, എസ്.ഐ മാരായ വിനോദ് വലിയാറ്റൂർ, അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ് എന്നിവരാണ് കഞ്ചാവ് വേട്ട നടത്തിയത്.

കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയിലെടുത്തു

പിടിച്ചെടുത്ത കഞ്ചാവിന്റെ വിപണി വില - 15 ലക്ഷത്തോളം

ആന്ധ്രയിൽ നിന്ന് 500 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിൽ 50,000 രൂപയിലധികം രൂപയ്ക്കാണ് വിൽക്കുന്നത്

വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട നാട്ടിലെത്തിയവരെയും ലോക്ഡൗണിൽ തൊഴിലില്ലാതായവരെയും കരിയർമാരാക്കുന്നത്.