rahul

മലപ്പുറം: രാഷ്ട്രീയത്തിനും വിവാദങ്ങൾക്കും ഇടം നൽകാതെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പിയെത്തി. ഇന്നലെ രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ അദ്ദേഹത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കാർ മാർഗ്ഗം മലപ്പുറം കളക്ടറേറ്റിലെത്തി കൊവിഡ് അവലോകനയോഗത്തിൽ പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം ലഭ്യമാക്കുമെന്ന് രാഹുൽഗാന്ധി അറിയിച്ചു. കൊവിഡ് വ്യാപനത്തോത്, ചികിത്സാ സൗകര്യങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്നിവ ചർച്ചയായി. തുടർന്ന് കവളപ്പാറ ദുരന്തത്തിലെ ഇരകളായ സഹോദരിമാർക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു.

സംസ്ഥാന സർക്കാരിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട്ടിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. എന്നാൽ രാഷ്ട്രീയവും വിവാദങ്ങളും പരാമർശിക്കാതെ വികസന പദ്ധതികളുടെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ചർച്ചകൾക്ക് ഊന്നലേകാനാണ് തീരുമാനം.

മലപ്പുറം കളക്ടറേറ്റിലെത്തിയപ്പോഴും മാദ്ധ്യമപ്രവർത്തകർക്ക് മുഖംകൊടുത്തില്ല. മലപ്പുറം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച് ഉച്ചയ്ക്കുശേഷം റോഡ് മാർഗ്ഗം വയനാട്ടിലേക്ക് പുറപ്പെട്ടു.

ഇന്നുരാവിലെ 10.30ന് വയനാട് കളക്ടറേറ്റിൽ നടക്കുന്ന കൊവിഡ് പ്രതിരോധ യോഗത്തിലും 11.30ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല വികസന കോർഡിനേഷൻ യോഗത്തിലും പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിച്ചശേഷം പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങാനായി 3.20ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വീകരണ പരിപാടികൾ പൂർണ്ണമായും ഒഴിവാക്കി. എട്ടുമാസത്തിന് ശേഷമാണ് വയനാട് മണ്ഡലത്തിലെത്തുന്നത്.