gggg
രാഹുൽ ഗാന്ധി എം.പിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കൊവിഡ് പ്രതിരോധ അവലോകന യോഗം

മലപ്പുറം: കൊവിഡിന്റെ സാഹചര്യത്തിൽ പതിവ് സ്വീകരണ പരിപാടികൾ ഒഴിവാക്കിയായിരുന്നു കോൺഗ്രസ് മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ മൂന്നുദിവസത്തെ മണ്ഡല സന്ദർ‌ശനത്തിന് ഇന്നലെ മലപ്പുറത്ത് തുടക്കമായത്. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി രാഹുൽ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തിലെത്തിയത്. ഇതിനിടെ മണ്ഡലത്തിലെത്താൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാൽ ഇതൊഴിവാക്കി. ഇടവേളയ്ക്ക് ശേഷം രാഹുൽഗാന്ധി എത്തുന്നതിന്റെ ആവേശത്തിലായിരുന്നു പ്രവ‌ർത്തക‌ർ. പലയിടങ്ങളിലും സാമൂഹിക അകലം ലംഘിക്കുന്ന കാഴ്ച്ചയ്ക്കും ഇതിടയാക്കി. മലപ്പുറം നഗരത്തിലും പ്രധാനയിടങ്ങളിലും രാഹുൽഗാന്ധിക്ക് സ്വാഗതമോതിയുള്ള കട്ടൗട്ടുകളും ഫ്ലക്‌സുകളും കഴിഞ്ഞ ദിവസം തന്നെ ഉയർന്നിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ അവലോകനത്തിലും മാത്രമാക്കി സന്ദർശനം ചുരുക്കിയിരുന്നു. രാവിലെ 11.50ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ രാഹുൽ ഗാന്ധി കനത്ത സുരക്ഷാവലയത്തിൽ കാർ മാർഗ്ഗം 12.30ഓടെയാണ് മലപ്പുറം കളക്ടറേറ്റിലെത്തിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ രാഹുൽ ഗാന്ധി അറിയിച്ചു.ഇതിനാവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പേകി. ജില്ലയിലെയും വയനാട് മണ്ഡലത്തിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനം അവലോകനം ചെയ്തു. കൊവിഡ് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. യോഗത്തിൽ പി. ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനായി. കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ, എ.ഡി.എം എൻ.എം.മെഹറലി, സബ് കളക്ടർ കെ.എസ് അഞ്ജു, അസിസ്റ്റന്റ് കളക്ടർ എ.വിഷ്ണുരാജ്, ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ) പി.എൻ പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ മുഹമ്മദ് ഇസ്മയിൽ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.ഷിബുലാൽ തുടങ്ങിയവർ പങ്കെടുത്തു.

യോഗശേഷം പുറത്തിറങ്ങിയ രാഹുൽഗാന്ധിക്ക് മുന്നിൽ നിവേദനവുമായി ഭിന്നശേഷിക്കാരെത്തി. പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അറിയിച്ചു. കൊവിഡിന്റെ സാഹചര്യത്തിൽ പതിവ് രീതികൾ ഒഴിവാക്കി വേഗത്തിൽ കാറിലേക്ക് മടങ്ങി. ഔദ്യോഗിക പരിപാടികളല്ലാതെ മറ്റൊന്നും നിശ്ചയിച്ചിരുന്നില്ല. തുടർന്ന് മലപ്പുറം ഗസ്റ്റ്ഹൗസിലെ വിശ്രമശേഷം മഞ്ചേരി,​ അരീക്കോട്,​ മുക്കം,​ താമരശ്ശേരി വഴി വയനാട്ടിലേക്ക് യാത്ര തിരിച്ചു. പ്രധാന ജംഗ്ഷനുകളിൽ പ്രവർത്തകർ കൊടിതോരണങ്ങളുമായി രാഹുൽ ഗാന്ധിയെ വരവേറ്റു. ഇന്നും നാളെയും വയനാട്ടിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.