 
പെരിന്തൽമണ്ണ: നിരനിരയായാണ് അങ്ങാടിപ്പുറത്തെ ആറാംക്ളാസ് വിദ്യാർത്ഥിയായ സജീവിന്റെ വീട്ടിൽ വാഹനങ്ങളുടെ കിടപ്പ്. ബസും കാറും ജീപ്പുമെല്ലാമുണ്ട്. മിനിയേച്ചർ രൂപങ്ങളാണെങ്കിലും ഒറിജിനലിന്റെ പ്രൗഢിയുണ്ട് എല്ലാറ്റിനും.
അങ്ങാടിപ്പുറം കമലാനഗറിലെ രജിഭവൻ വീട്ടിൽ രജീവ്-പ്രജിത ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവനാണ് സജീവ്. ലോക്ക്ഡൗൺ കാലത്ത് വാഹനങ്ങളുടെ ചെറുമോഡൽ നിർമ്മിക്കുന്ന തിരക്കിലായിരുന്നു. ആദ്യം നിർമ്മിച്ചത് കുഞ്ഞുവീടുകൾ. പിന്നീട് വാഹനങ്ങളിലേക്ക്. കെ.എസ്.ആർ.ടി.സി ബസും ജീപ്പും ഓട്ടോറിക്ഷയും എല്ലാമായി നിർമ്മാണം നീണ്ടു. സാധാരണ ആനവണ്ടി മുതൽ വോൾവോ വരെയുള്ള വിവിധ മോഡലുകൾ സജീവിന്റെ കൈകളിൽ പിറവിയെടുത്തു. ടൂറിസ്റ്റ് ബസുകളിലെ പ്രമുഖനായ കൊമ്പനെയും നിർമ്മിച്ചു. ബസുകൾ മാത്രം 12 എണ്ണമുണ്ട്.
മിനിയേച്ചർ നിർമ്മാണരീതികൾ യൂട്യൂബ് വീഡിയോകളിൽ നിന്നാണ് പഠിച്ചെടുത്തത്.
കാർഡ് ബോർഡും വയറുകളും എൽ.ഇ.ഡി ബൾബുകളും മറ്റും ഉപയോഗിച്ചാണ് നിർമ്മാണം. ഒരാഴ്ചയെടുക്കും ബസിന്റെ നിർമ്മാണത്തിന്. പിന്നെ നിറം പൂശി സുന്ദരൻമാരാക്കും. മാതാപിതാക്കൾക്കൊപ്പം സഹോദരി സൗപർണിക
യുടെയും പിന്തുണയുണ്ട് പെരിന്തൽമണ്ണ പ്രസന്റേഷൻ എച്ച്.എസ്.എസ് വിദ്യാർത്ഥിയായ സജീവിന്.