jjjj

786 പേർക്ക് രോഗബാധ

1093 പേർക്ക് രോഗമുക്തി

മലപ്പുറം: ജില്ലയിൽ ഇന്നലെ 786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,093 പേർകൂടി വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കൊവിഡ് രോഗമുക്തരായി.
പുതിയ രോഗബാധിതരിൽ 692 പേർ കൂടി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായപ്പോൾ 78 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരിൽ നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഏഴുപേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

10,503 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്

54,449 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്

രോഗം ഭേദമാകുന്നരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട്

കെ. ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ

കൊവിഡ് പോസിറ്റീവാകുന്നവർ മറ്റ് ലാബുകളിൽ വീണ്ടും പരിശോധിക്കരുത്
ഒരു ലാബിൽ നിന്നും കൊവിഡ് ടെസ്റ്റ് ചെയ്ത ശേഷം പോസിറ്റീവാകുന്ന രോഗികൾ മറ്റു ലാബുകളിൽ പോയി വീണ്ടും പരിശോധന നടത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. ഇത് ഗുരുതരമായ കൊവിഡ് പ്രോട്ടോകോൾ ലംഘനമാണ് സർക്കാരിന് നഷ്ടം വരുത്തുന്നതിനൊപ്പം പരിശോധനാ വിവരങ്ങളിൽ പിഴവുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. കൊവിഡ് പരിശോധനയിൽ ഒരാളുടെ സ്രവം പരിശോധിച്ചാൽ രോഗാണുവിന്റെ പ്രത്യേകത കൊണ്ട് എല്ലാ തവണയും പോസിറ്റീവാകണമെന്നില്ല. കൊവിഡ് രോഗാണുവിന്റെ സാന്നിദ്ധ്യം ഇടവിട്ട സമയങ്ങളിലാണ് രോഗിയുടെ സ്രവങ്ങളിൽ കാണപ്പെടുക. സ്രവത്തിൽ രോഗാണുവിന്റെ സാന്നിദ്ധ്യമുള്ള സമയത്തേ പരിശോധനാ ഫലം പോസിറ്റീവ് ആവൂ. ആദ്യ പരിശോധനയിൽ പോസിറ്റീവാവുകയാണെങ്കിൽ ആ ഫലംതന്നെ എടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പത്ത് ദിവസം വീട്ടിലിരിക്കണം. 10 ദിവസത്തിന് ശേഷമാവും പുന:പരിശോധന .


കൊവിഡ് സ്ഥിരീകരിച്ച ശേഷം പൊതു വാഹനത്തിൽ മറ്റു ലാബുകളിൽ പോയി കൊവിഡ് പരിശോധന നടത്തുന്നതുമൂലം കൂടുതൽപേർക്ക് രോഗം പകരാനിടയാകും. ലാബുകളിൽ അനാവശ്യ തിരക്കിനും യഥാർത്ഥ രോഗികൾക്ക് പരിശോധനാ സൗകര്യം കുറയുന്നതിനും കാരണമാകും. അനാവശ്യമായി പലതവണ പരിശോധന നടത്തുന്നവരുടെ വിവരങ്ങൾ തുടർ നടപടികൾക്കായി ശുപാർശ ചെയ്യുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


സ്വകാര്യ ആശുപത്രിയിലും ലാബിലും ചെയ്യുന്ന എല്ലാ കൊവിഡ് പരിശോധനകളും സർക്കാർ പോർട്ടലിൽ രേഖപ്പെടുത്തണം. ഒരു വ്യക്തി പലതവണ പരിശോധന നടത്തുന്നതുമൂലം സർക്കാർ പോർട്ടലിൽ ഈ വ്യക്തിയുടെ വിവരങ്ങൾ പലതവണയായി കാണപ്പെടും. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും കൊവിഡ് കണക്കുകൾ ക്രോഡീകരിക്കുന്നതിലും ഇതുമൂലം അപാകതകൾ സംഭവിക്കുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.