hhhhh
ചെമ്മാട് ബ്ളോക്ക് റോഡ് ജംഗ്ഷൻ

തിരൂരങ്ങാടി: ജനത്തിരക്കേറിയ ചെമ്മാട് ടൗണിൽ ബ്ലോക്ക് റോഡ് ജംഗ്ഷൻ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന ഓഫീസുകളിലേക്കുള്ള ജംഗ്ഷൻ ഭാഗത്താണ് റോഡിന്റെ നടുമദ്ധ്യത്തിൽ റോഡ് പൊളിഞ്ഞിരിക്കുന്നത്. ഇതിന്റെ മറുവശത്താണ് തിരൂരങ്ങാടി വില്ലേജ് ഓഫീസ്. കക്കാട്, തിരൂരങ്ങാടി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ബ്ലോക്ക് റോഡ് വഴി കടന്നുവന്ന് ഈ കുണ്ടിലേക്കാണ് വന്നു ചാടുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതും ഗതാഗത കുരുക്കുണ്ടാക്കുന്നു. ഇവിടെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഏറെനാളായി. വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇവിടെ നിത്യസംഭവമാണ്.

ചെമ്മാട് ഭാഗത്തുനിന്ന് കോട്ടയ്ക്കൽ , മലപ്പുറം ഭാഗത്തേക്ക് പോവാനുള്ള ഏക റോഡാണ് തിരൂരങ്ങാടി വലിയ പള്ളിയുടെ മുൻവശത്തിലൂടെ പോവുന്നത്. ഇവിടെയും മാസങ്ങൾക്ക് മുമ്പ് റോഡ് പൊട്ടി പ്പൊളിഞ്ഞ് കിടക്കുന്നതിനാൽ വാഹനങ്ങൾ കുണ്ടിൽ ചാടി അപകടങ്ങളുണ്ടാവുന്നുണ്ട്. വൺവേ റോഡായതിനാൽ ഇവിടെയും ദുരിതം ഏറെയാണ്. തിരൂരങ്ങാടിയിൽ നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരുമ്പോൾ നിരവധി കുണ്ടും കുഴികളുമാണ്. ഏത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം