ffff

മലപ്പുറം: ഉള്ളി വില വീണ്ടും കരയിപ്പിക്കുന്നു. ഒരു കിലോ ചെറിയ ഉള്ളിയുടെ വില നൂറ് കടന്നപ്പോൾ സവാളയ്ക്ക് 80 മുതൽ 90 രൂപ വരെയാണ് ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്നലെ ഈടാക്കിയത്. ഒരാഴ്ച്ചയ്ക്കിടെയാണ് ഉള്ളി വില കുത്തനെ ഉയർന്നത്. കിലോയ്ക്ക് 40 രൂപയെന്നതിൽ നിന്നാണ് സവാള വില വലിയ തോതിൽ ഉയർന്നത്. ആവശ്യമുള്ള ലോഡിന്റെ പകുതിയേ ഇപ്പോഴെത്തുന്നുള്ളൂ. ഇതിന്റെ മറപിടിച്ച് ജില്ലയിലെ മൊത്തവ്യാപാരികളുടെ പൂഴ്ത്തിവയ്പ്പും വിലവർദ്ധനവിന് ഇടയാക്കുന്നുണ്ട്.

കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ വിളനാശവും ജി.എസ്.ടി വിഭാഗത്തിന്റെ റെയ്ഡിൽ പ്രതിഷേധിച്ച് മൊത്തവ്യാപാര കേന്ദ്രങ്ങൾ അടച്ചതുമാണ് ഉള്ളി വില പൊടുന്നനെ കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വില കുത്തനെ ഉയർന്നതോടെ അത്യാവശ്യക്കാർ മാത്രമാണ് സവാള വാങ്ങുന്നതെന്ന് പച്ചക്കറി കടക്കാർ പറയുന്നു. ചെറിയ ഉള്ളി കൂടുതലായി എത്തുന്ന കർണാടകയിലും മഴയിൽ കൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെയും കർണാടകയിലെയും കൃഷി നാശത്തിന് പിന്നാലെ പച്ചക്കറികളുടെ വിലയിലും കാര്യമായ വർദ്ധനവുണ്ട്. ഓണത്തിന് ശേഷം വില കുറയാറാണ് പതിവെങ്കിൽ ഇത്തവണ വിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. രണ്ടാഴ്ച്ചയ്ക്കിടെ പച്ചക്കറി വില കുത്തനെ ഉയരുകയും ചെയ്തു. ഗുണ്ടൽപ്പേട്ട,​ ഊട്ടി, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കാര്യമായി പച്ചക്കറികൾ വരുന്നത്.

പച്ചക്കറി വില

കാബേജ് - 50- 55
ഉരുളക്കിഴങ്ങ് - 45
പയർ - 45 - 50
കാരറ്റ് - 85
ബീൻസ് - 50
വെണ്ട - 35
മുരിങ്ങയ്ക്ക - 55 - 60
ബിറ്റ്റൂട്ട് - 42

ആശ്വാസം, ആശങ്ക

പച്ചക്കറികളുടെ വില കുത്തനെ ഉയരുമ്പോഴും നേന്ത്രയുടെ വില കുറഞ്ഞിട്ടുണ്ട്. നേന്ത്രയ്ക്ക് ഒരു കിലോയ്ക്ക് 28 മുതൽ 30 രൂപ വരെയാണ് ചില്ലറ വിൽപ്പന വില. 18 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. പൂവൻ- 30, ഞാലിപ്പൂവൻ 40 എന്നിങ്ങനെയും. ഓണത്തിന് ശേഷമാണ് നേന്ത്രയുടെ വില വീണ്ടും കുത്തനെ താഴ്ന്നത്. ഒരുനേന്ത്ര വിളവെടുക്കുമ്പോഴെക്കും കർഷകർക്ക് 150 രൂപയോളം ചെലവ് വരുന്നുണ്ട്. നിലവിലെ അവസ്ഥയിൽ ചെലവിന്റെ പകുതി പോലും കിട്ടാത്ത അവസ്ഥയാണ്.