
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെ മുൻവർഷങ്ങളെ അപേക്ഷിച്ച് വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള വാർഷിക പദ്ധതി തുക ചെലവഴിക്കലിൽ ജില്ല പിന്നിൽ. സംസ്ഥാനത്ത് ഇക്കാര്യത്തിൽ പതിനൊന്നാം സ്ഥാനത്താണ് ജില്ല. 2020- 21 സാമ്പത്തിക വർഷം 701.7 കോടി രൂപയുടെ ബഡ്ജറ്റാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടേത്. ഇന്നലെ വരെ 246.92 കോടി രൂപയാണ് ചെലവഴിച്ചത്. 148.21 കോടി രൂപ സ്പിൽ ഓവർ പദ്ധതികളുടേതാണ്. ആകെ 35.22 ശതമാനം. 36.18 ശതമാനമാണ് സംസ്ഥാന ശരാശരി. ഇക്കാര്യത്തിൽ പാലക്കാടാണ് ഏറ്റവും മുന്നിൽ. 633.79 കോടിയിൽ 250.35 കോടി രൂപ ചെലവഴിച്ചു. 39.5 ശതമാനം. വയനാട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. മലപ്പുറത്തിന് പിന്നിൽ കൊല്ലം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളാണ്.
മുന്നിൽ വണ്ടൂർ ബ്ലോക്ക്
പദ്ധതി ചെലവഴിക്കലിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്താണ് മുന്നിൽ. 63.22 ശതമാനം തുക ഇതിനകം ചെലവഴിച്ചു. ബഡ്ജറ്റിലെ 7.26 കോടി രൂപയിൽ 4.59 കോടി രൂപയും ചെലവഴിച്ചു. തൊട്ടുപിന്നിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയാണ്. 6.88 കോടിയിൽ 3.92 കോടിയും ചെലവഴിച്ചു. 56.98 ശതമാനം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 5.69 കോടിയിൽ 2.99 കോടി ചെലവഴിച്ച് 53.44 ശതമാനമാക്കി. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്, വേങ്ങര ഗ്രാമപഞ്ചായത്ത്, കാളികാവ്, തിരൂർ ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയാണ് 50 ശതമാനം കൈവരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങൾ.
സംസ്ഥാന ശരാശരിക്കും താഴെ
51 തദ്ദേശസ്ഥാപനങ്ങൾ പദ്ധതി തുക ചെലവഴിക്കലിൽ സംസ്ഥാന ശരാശരിക്കും താഴെയാണ്.
ജില്ലയിൽ ഏറ്റവും പിന്നിൽ മലപ്പുറം മുനിസിപ്പാലിറ്റിയാണ്. 7.72 ശതമാനമാണ് ചെലവഴിക്കൽ. 60.3 കോടി രൂപയിൽ 4.65 കോടി രൂപയുടെ പ്രവൃത്തികളാണ് ഇതുവരെ നടന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പദ്ധതി തുക വിഹിതമുള്ളതും മലപ്പുറം നഗരസഭയ്ക്കാണ്.
മുനിസിപ്പാലിറ്റികളിൽ പൊന്നാനിയും ഏറെ പിറകിലാണ്. 24.06 കോടിയിൽ ചെലവഴിച്ചത് 5.94 കോടി മാത്രം. 24.69 ശതമാനം.
പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി - 28.58 ശതമാനം, നിലമ്പൂർ - 28.18, തിരൂർ - 31.11, കോട്ടയ്ക്കൽ - 32.44, മഞ്ചേരി - 36.12 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളിലേത്.
ഗ്രാമപഞ്ചായത്തുകളിൽ പറപ്പൂരാണ് ഏറ്റവും പിറകിൽ. 23. ഒരു ശതമാനം തുകയേ ചെലവഴിച്ചുള്ളൂ.
ആതവനാട്, തലക്കാട്, പൊന്മുണ്ടം, ഒഴൂർ, തെന്നല, വഴിക്കടവ് എന്നീ പഞ്ചായത്തുകൾ 25 ശതമാനത്തിൽ താഴെയാണ് തുക ചെലവഴിച്ചത്.