subr
സുബ്രഹ്മണ്യൻ

കുറ്റിപ്പുറം : 32 വർഷം മസ്കറ്റിലെ ഹോട്ടലിൽ കുക്കായിരുന്ന കല്ലൂർമ്മയിലെ കൊണ്ടകശേരി സുബ്രഹ്മണ്യന് കൊവിഡിൽ ജോലി നഷ്ടമായി തിരിച്ചെത്തുമ്പോൾ എന്തുചെയ്യണമെന്ന് ഒരു പിടിയുമില്ലായിരുന്നു. എന്തായാലും കൊവിഡിന് മുന്നിൽ തോറ്റുപിന്മാറില്ലെന്ന് ഉറപ്പിച്ചിരുന്നു. ക്വാറന്റൈൻ കഴിഞ്ഞിറങ്ങിയ സുബ്രഹ്മണ്യൻ ലോണെടുത്ത് ബൈക്ക് വാങ്ങി പൊരിക്കടിയും ചായയുമായി ഇറങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ കച്ചവടം ഹിറ്റായതോടെ അതിജീവനത്തിന്റെ സന്തോഷത്തിലാണ് സുബ്രഹ്മണ്യൻ.

നാലുമാസത്തെ ശമ്പളം കുടിശ്ശികയുള്ളത് കിട്ടാതെയാണ് തിരിച്ചെത്തിയത്. ക്വാറന്റൈനിൽ കഴിയുമ്പോഴും ഇനിയെന്ത് എന്ന ചിന്തയാണ് അലട്ടിയത്. വീട്ടിലുണ്ടാക്കുന്ന പൊരിക്കടിയും ചായയുമായാണ് സുബ്രഹ്മണ്യൻ കച്ചവടത്തിനിറങ്ങുക . രാവിലെ ഒമ്പതു മണിക്കിറങ്ങിയാൽ ഉച്ചയ്ക്ക് 12ഓടെ കച്ചവടം കഴിഞ്ഞ് വീട്ടിലെത്തും. കുറച്ചു നേരം വിശ്രമിച്ചശേഷം വൈകിട്ട് മൂന്നിന് വീണ്ടുമിറങ്ങും. ആറുമണി ആകുമ്പോഴേക്കും കച്ചവടം കഴിയും. എടപ്പാൾ ചങ്ങരംകുളം റൂട്ടിൽ യാത്രചെയ്യുന്നവരും വഴിയോരകച്ചവടക്കാരും ആണ് പ്രധാനമായും സുബ്രഹ്മണ്യന്റെ ഉപഭോക്താക്കൾ. ചെലവ് കഴിഞ്ഞ് ദിവസം 600രൂപ ലാഭം ഉണ്ടെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്.