thirurangadi
തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ.

തിരൂരങ്ങാടി: കാഴ്ച്ചക്കാരുടെ മനം കവർന്ന് ചെറുമുക്ക് വെഞ്ചാലി വയലിലെ ആമ്പൽപ്പൂക്കൾ. ഏക്കർകണക്കിന് വ്യാപിച്ചുകിടക്കുന്ന വയലിനെ ഒന്നാകെ ചുവപ്പിച്ചാണ് ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. 15 വർഷത്തോളമായി ഇവിടെ ചുവപ്പ് ആമ്പൽ വിരിയാൻ തുടങ്ങിയിട്ട്. നേരത്തെ വെള്ള നിറത്തിലുള്ള ആമ്പലായിരുന്നു കുടുതലും ഉണ്ടായിരുന്നത്. ചുവന്ന ആമ്പൽ വിത്ത് വയലിൽ കൊണ്ടിട്ടതോടെ വെളുത്ത ആമ്പൽ ഇല്ലാതായി. വയലുകളിൽ ഞാർ നടാനായി നിലം ഒരുക്കുന്ന സമയത്ത് തോടുകളിലാവും ആമ്പൽ കാഴ്ച്ചകൾ.
പുലർച്ചെ അഞ്ചിന് ശേഷം വിരിയുന്ന ഇവ രാവിലെ പത്ത് മണി കഴിയുന്നതോടെ മൊട്ടായി മാറും. എന്നാൻ വെളുത്ത ആമ്പൽ വൈകിട്ട് വരെ വിരിഞ്ഞുനിൽക്കും. കൊവിഡ് കാലത്തും അവധി ദിനങ്ങളിൽ നിരവധിപേരാണ് ആമ്പൽക്കാഴ്ച്ച കാണാനെത്തുന്നത്. ചെറുമുക്ക് വയൽ പ്രദേശം, ചെറുമുക്ക് പള്ളിക്കത്തായം വയലോര റോഡിന് സമീപവുമാണ് കൂടുതൽ കാഴ്ച്ചക്കാരെത്തുന്നത്. ആമ്പൽ പൂവിന്റെ വിത്തുകളും പൂക്കളും പറിച്ചുകൊണ്ടുപോവുന്നതും പതിവ് കാഴ്ച്ചയാണ്. കല്യാണത്തിന് ബൊക്കയും മാലയും തയ്യാറാക്കുന്നതിന് അതിരാവിലെ തന്നെ പൂവ് പറിക്കാനായി വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവരുമുണ്ട്.