
മലപ്പുറം: സാമ്പത്തിക സംവരണത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് മുന്നാക്ക സംവരണം നടപ്പാക്കിയ സംസ്ഥാന സർക്കാറിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മലപ്പുറത്ത് ചേർന്ന മുസ്ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
. വിവിധ സംവരണ സംഘടനകൾ കക്ഷി ചേർന്നിട്ടുള്ള കേസിൽ തീരുമാനമാകും മുമ്പ് സംസ്ഥാന സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിയത് പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയും മുന്നാക്ക പ്രീണനവുമാണ്. സംവരണത്തിന്റെ അടിസ്ഥാനപ്രമാണത്തെ തകർക്കുന്ന തീരുമാനം അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് വാർത്താസമ്മേളനത്തിൽ മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.പി, സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി എന്നിവർ ആവശ്യപ്പെട്ടു. 28ന് എറണാകുളത്ത് സംവരണ സമുദായ നേതാക്കളുടെ അടിയന്തിര യോഗം ചേർന്ന് തുടർ സമരപരിപാടികൾ ചർച്ച ചെയ്യും.
കേരളത്തിലെ ജനസംഖ്യയിൽ 10 ശതമാനത്തിൽ താഴെ വരുന്ന മുന്നാക്ക വിഭാഗങ്ങളിലെ
സാമ്പത്തിക പിന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നീതീകരിക്കാനാവില്ല. മെഡിക്കൽ പി.ജി പ്രവേശനത്തിൽ ഈഴവർക്ക് മൂന്ന് ശതമാനവും മുസ്‌ലീങ്ങൾക്ക് രണ്ടു ശതമാനവും മറ്റുപിന്നാക്ക ഹിന്ദുക്കൾക്ക് ഒരു ശതമാനവും സംവരണമുള്ളപ്പോൾ ,മുന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനമാണ് . എം.ബി.ബി.എസ്, ഹയർ സെക്കന്ററി എന്നിവയിലെല്ലാം ഈഴവർക്ക് ഒമ്പത് ശതമാനവും മുസ്‌ലീങ്ങൾക്ക് എട്ട് ശതമാനവുമേയുള്ളൂ. എന്നാൽ ജനസംഖ്യാനുപാതികമായി പിന്നിൽ നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം ലഭിക്കുന്നു. ഇത് അർഹരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്ന് യോഗം വിലയിരുത്തി.
പെൺകുട്ടികളുടെ വിവാഹ
പ്രായം ഉയർത്തരുത്
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം ആശങ്കാജനകവും, വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് നേതാക്കൾ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ പാലിച്ചു കൊവിഡ് മൃതശരീരങ്ങൾ വൃത്തിയാക്കാനും മറവുചെയ്യാനും അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകും...
സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. എൻ.വി അബ്ദുറഹിമാൻ, ഡോ.മജീദ് സ്വലാഹി (കെ.എൻ.എം), ഡോ. ഇ.കെ അഹമ്മദ് കുട്ടി (കെ.എൻ.എം മർക്കസുദഅ്‌വ), ടി.കെ.അഷ്റഫ്, മുഹമ്മദ് അജ്മൽ (വിസ്ഡം), മുഹമ്മദ് ഇബ്രാഹീം (സമസ്ത എ.പി വിഭാഗം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), ഇ.പി.അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), പ്രാഫ.ഇ.പി.ഇമ്പിച്ചി കോയ (എം.എസ്.എസ്), വി.മൊയ്തുട്ടി (എം.ഇ.എസ്), ശംസുദ്ദീൻ ഖാസിമി (ജംഇയ്യത്തുൽ ഉലമ ഹിന്ദ്), അബ്ദുൽ ഹൈർ മൗലവി (തബ്‌ലീഗ് ജമാഅത്ത്) തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
മുന്നാക്ക സംവരണം: പ്രക്ഷോഭത്തിന് യൂത്ത് ലീഗ്
കോഴിക്കോട്: മുന്നാക്ക സംവരണം നടപ്പാക്കാൻ തിരക്കിട്ട് തീരുമാനമെടുത്ത പിന്നാക്ക വിരുദ്ധ ഇടതുമുന്നണിക്കെതിരെ ശക്തമായ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഫേസ് ബുക്കിൽ കുറിച്ചു
മുഖ്യമന്ത്രി വഞ്ചിച്ചെന്ന് പട്ടികജാതി മോർച്ച
തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. മുഖ്യമന്ത്രിയും കെ.പി. എം. എസ് നേതാവ് പുന്നല ശ്രീകുമാറുമാണ് തന്നെ ചതിച്ചതെന്ന ഇരയായ പെൺകുട്ടികളുടെ മാതാവിന്റെ വെളിപ്പെടുത്തൽ കേരളസമൂഹ മനഃസാക്ഷിക്കേറ്റ ക്ഷതമാണ്. സി.ബി.ഐ അനേഷണം, പുനരനേഷണം എന്നിവ ഉറപ്പ് നൽകി മാതാപിതാക്കളെ ആസൂത്രിതമായി വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്തതെന്ന് വ്യക്തമാക്കണം .പ്രതികളെ സംരക്ഷിക്കുന്നതിലും കേസ് അട്ടിമറിക്കുന്നതിലും സർക്കാർ- സി.പി.എം ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ബി.ജെ.പി യുടെയും പട്ടികജാതി മോർച്ചയുടെയും നിലപാട് ശരിവയ്ക്കുന്നതാണ് മാതാവിന്റെ വെളിപ്പെടുത്തൽ എന്നും ഷാജിമോൻ പറഞ്ഞു.