 
മഞ്ചേരി: നാലര കിലോ കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശിയെ കൊണ്ടോട്ടിയിൽവെച്ച് ഇൻസ്പക്ടർ ബിജുവിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി.കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കട്ടച്ചിറ അഷ്റഫ് അലി(35) എന്ന സാത്താൻ അലിയാണ് പിടിയിലായത്. എൻ.സി.ബി കൊച്ചിൻ യൂണിറ്റും ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അഞ്ച് ലക്ഷത്തോളം വില വരുന്ന കഞ്ചാവ് പിടികൂടിയത്. ഇത് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.
പാലക്കാട് മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രണ്ടുദിവസം മുമ്പാണ് പ്രതി പച്ചക്കറി വണ്ടിയിൽ ആന്ധ്രയിൽ നിന്നും മയക്കുമരുന്ന് കടത്തികൊണ്ടുവന്നത്. വളാഞ്ചേരി, കുറ്റിപ്പുറം ഭാഗത്ത് നിന്നും വൻ തോതിൽ കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഒരുമാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ 2015ൽ കഞ്ചാവ് കടത്തിയതിന് കുറ്റിപ്പുറം എക്‌സൈസിലും മാല മോഷണത്തിനും അനധികൃത മണൽ കടത്തിന് കുറ്റിപ്പുറം, വളാഞ്ചേരി സ്റ്റേഷനുകളിലായി പത്തോളം കേസുകളുമുണ്ട്. അഞ്ച് ടിപ്പർ ലോറികൾ സ്വന്തമായി ഉണ്ടായിരുന്ന പ്രതി ലോറികൾ മണൽ കടത്തിന് പൊലീസ് പിടിച്ചതോടെ ലഹരി വില്പനയിലേക്ക് തിരിയുകയായിരുന്നു. നാല് ദിവസം മുമ്പ് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് 25 കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശിയെ കൊണ്ടോട്ടിയിൽ വെച്ച് പിടികൂടിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ വിനോദ് വലിയാറ്റൂർ, എസ്.ഐ അജിത്ത് , ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് ,മുസ്തഫ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.