പെരിന്തൽമണ്ണ: കുളത്തൂരിലെ പുന്നക്കാട്ട് നിർമ്മാണം പൂർത്തിയായ മങ്കട ഗവ. കോളേജ് കെട്ടിടം 27ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 20 ഓളം പേരടങ്ങുന്ന ആളുകളേ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
കൊളത്തൂർ സ്റ്റേഷൻ പടിയിലെ ജവാഹിറുൽ ഉലൂം മദ്രസയിലാണ് കഴിഞ്ഞ ഏഴ് വർഷമായി കോളേജ് പ്രവർത്തിച്ചിരുന്നത്. മദ്രസ കെട്ടിടത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലാണ് കോളേജ് ഓഫീസ് പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്. കോളേജ് യാഥാർത്ഥ്യമായതോടെ മണ്ഡലത്തിലെ സാധാരണക്കാരുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക് സഹായമാകും. വിദ്യാർത്ഥികൾക്ക് കോളേജിലേക്ക് എത്തുന്നതിന് രണ്ട് ബസുകളും അനുവദിച്ചിട്ടുണ്ടെന്നും മങ്കട എം.എൽ.എ ടി.എ അഹമ്മദ് കബീർ, പ്രിൻസിപ്പൽ ഡോ.കെ.കെ റഹീന, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.