 
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഭാഗങ്ങൾ ഒരാഴ്ച്ചക്കകം പൂർണ്ണമായും മാറ്റും. വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ സി.ഐ.എസ്.എഫ് ബാരക്കിന് സമീപം തയാറാക്കിയ കോൺക്രീറ്റ് പ്രതലത്തിലേക്ക് മാറ്റിവയ്ക്കുന്നത് പുരോഗമിക്കുകയാണ്. മൂന്ന് ഭാഗങ്ങളായി പിളർന്ന വിമാനത്തിന്റെ കോക്പിറ്റ് ക്രെയിൻ ഉപയോഗിച്ചു മാറ്റിയിട്ടുണ്ട്. ചിറകുകൾ മാറ്റിവയ്ക്കുന്ന ജോലികളാണിപ്പോൾ നടക്കുന്നത്. റബർ ചക്രങ്ങളിൽ നിശ്ചിത അളവിലുള്ള മരത്തടികൾ വച്ചതിന് മുകളിലായിരിക്കും ചിറകുകൾ വയ്ക്കുക. മുഴുവൻ ഭാഗങ്ങളും മാറ്റിയ ശേഷമായിരിക്കും കൂട്ടിയോജിപ്പിക്കുക. തുടർന്ന് ഇവിടെനിന്നു കൊണ്ടുപോകും. വിമാന ഭാഗങ്ങൾ മുറിച്ചെടുക്കുന്നതിനും മറ്റുമായി 24 മണിക്കൂറും സാങ്കേതിക വിദഗ്ധരുടെ സേവനമുണ്ട്. ഘട്ടംഘട്ടമായി വിമാനം മാറ്റുന്നതിന് രണ്ട് കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്.
വിമാനാപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെയും വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ഉദ്യോഗസ്ഥരുമടക്കം വിമാനഭാഗങ്ങൾ മാറ്റുന്ന പ്രവൃത്തികൾ നിരീക്ഷിക്കുന്നുണ്ട്. ആഗസ്റ്റ് 7ന്റൺവേയുടെ കിഴക്കേ അറ്റത്ത് ക്രോസ് റോഡിന് സമീപമായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. 21 പേരാണ് മരിച്ചത്. നിരവധിപേർക്ക് ഗുരുതരമായിപരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന അവസാനത്തെയാളും ആശുപത്രിവിട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വയനാട് ചീരാൽ സ്വദേശി നൗഫലാണ് ഏഴുപത് ദിവസം നീണ്ടം സങ്കീർണ്ണമായ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം ആശുപത്രി വിട്ടത്.