bbbbb

മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി പൂർത്തിയാവാൻ ഇനി രണ്ടാഴ്ച്ച മാത്രം. നവംബർ 11ന് കാലാവധി പൂർത്തിയാവും. തുടർന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഭരണസമിതിക്കാവും ഭരണച്ചുമതല. കാലാവധി പൂർത്തിയാവും മുമ്പു തന്നെ അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകളുടെ തിരക്കിലാണ് ഭരണസമിതികൾ. കൊവിഡ് മൂലം ജീവനക്കാർ ക്വാറന്റൈനിൽ പോവേണ്ട സ്ഥിതി പല തദ്ദേശ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

വാർഷിക പദ്ധതിയിലുൾപ്പെടുത്തി അംഗീകാരം ലഭിച്ച വിവിധ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ കരാർ ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം വരും മുമ്പേ പ്രവൃത്തികൾ തുടങ്ങാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വാർഷിക പദ്ധതികൾ ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലാണ് നടപ്പാക്കേണ്ടത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാർഷിക പദ്ധതികൾക്കെല്ലാം മിക്ക പഞ്ചായത്തുകളും വേഗത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.

കുടിവെള്ള പദ്ധതികൾ, റോഡ് നിർമ്മാണം, പുനരുദ്ധാരണം, കെട്ടിട നിർമ്മാണങ്ങൾ തുടങ്ങി പഞ്ചായത്തുകളിൽ നടക്കുന്ന പ്രധാന നിർമ്മാണ പ്രവൃത്തികളുടെ ടെൻഡർ നടപടികളെല്ലാം പൂർത്തീകരിച്ചു. കരാർ നൽകുന്ന പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്. പെൻഷൻ ഉൾപ്പെടെയുള്ള ഗുണഭോക്തൃ പട്ടിക തയ്യാറാക്കി നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറണം. പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളുടെയും മറ്റും മിനിറ്റ്‌സും പൂർത്തിയാക്കണം.

അവ പ്രധാനം

വ്യക്തിഗത പദ്ധതികളിൾ ഉൾപ്പെടുന്ന വീട് അറ്റകുറ്റപ്പണി, ആട്, പശു വിതരണം, കുട്ടികൾക്ക് ലാപ്‌ടോപ് വിതരണം തുടങ്ങിയവ തിരഞ്ഞെടുപ്പ് ചട്ടം വരും മുമ്പേ തീരുമാനിച്ച് കൈമാറാനുള്ള അവസാനഘട്ട ന

പടികളിലാണ് തദ്ദേശസ്ഥാപനങ്ങൾ. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വന്നാലും ബാധിക്കാത്ത പഞ്ചായത്ത് മുഖാന്തരം നടക്കുന്ന സേവനങ്ങളായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വിവാഹ, മരണ, ജനന സർട്ടിഫിക്കറ്റുകൾ, വീട് അനുമതി, നമ്പർ തുടങ്ങിയവയ്ക്ക് ഇപ്പോൾ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ല. ഒക്ടോബർ രണ്ടിനാണ് സാധാരണഗതിയിൽ തദ്ദേശഭരണ സമിതികൾ ചുമതലയേൽക്കാറുള്ളത്. കഴിഞ്ഞ തവണ ഒരു മാസത്തോളം വൈകി നവംബർ 11 നാണ് ഭരണ സമിതി ചുമതലയേറ്റത്. ഇത്തവണ നവംബർ 11 എന്നത് ഡിസംബറിലേക്ക് വഴിമാറും.

നവംബർ എട്ടിന് നോട്ടിഫിക്കേഷൻ വന്ന് ഡിസംബറിൽ തിരഞ്ഞെടുപ്പുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതികൾ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പ്രവ‌ത്തികൾ നടപ്പിലാക്കാവുന്ന ഘട്ടത്തിലെത്തിക്കുകയാണ് ലക്ഷ്യം

നാസർ, ജില്ലാ പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ