
മലപ്പുറം: മുന്നാക്ക സംവരണത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നത് വർഗീയലക്ഷ്യം വച്ചാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള തീവ്രമത സംഘടനകളെ കൂട്ടുപിടിച്ച് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനാണ് മുസ്ളിം ലീഗിന്റെ ശ്രമം. മുന്നാക്ക സംവരണത്തിൽ കേന്ദ്രം പാസാക്കിയ നിയമം നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തത്. ഇതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ കേസ് എപ്പോൾ തീർപ്പാക്കുമെന്നത് പറയാനാവില്ല. സംസ്ഥാന സർക്കാർ നിയമപരമായിട്ടല്ലാതെ ഒന്നും ഇക്കാര്യത്തിൽ ചെയ്തിട്ടില്ല. സംസ്ഥാനത്തിന്റെ പരിധിയിൽ വരാത്ത വിഷയത്തിൽ സർക്കാരിനെതിരെ സമര ഐക്യമുണ്ടാക്കാനാവുമോ എന്നാണ് ലീഗ് നോക്കുന്നത്. മുന്നാക്ക സംവരണത്തിൽ ലീഗിന്റെ നിലപാടാണോ കോൺഗ്രസിനുള്ളതെന്ന് വ്യക്തമാക്കണം. പിന്നാക്കവിഭാഗങ്ങളുടെ അവകാശം സംബന്ധിച്ച് 92ൽ നിയമമായിട്ടുണ്ട്. അതിന്റെ നടത്തിപ്പിലിപ്പോൾ പരിശോധന ആവശ്യപ്പെടുന്ന മുസ്ളിംലീഗ്, അവർ അധികാരത്തിലിരുന്നപ്പോൾ അതിന് മുൻകൈയെടുത്തിട്ടില്ല. കേരള കോൺഗ്രസ് കൂടി എൽ.ഡി.എഫിലെത്തിയതോടെ തുടർഭരണം ഉറപ്പായ രാഷ്ട്രീയ സാഹചര്യം അട്ടിമറിക്കാനാണ് ലീഗിന്റെ ഇപ്പോഴത്തെ ശ്രമമെന്നും വിജയരാഘവൻ പറഞ്ഞു.