fffff

മലപ്പുറം: ഇലക്ട്രിക് വാഹനം വാങ്ങിയാൽ എവിടെ നിന്ന് ചാർജ്ജ് ചെയ്യുമെന്ന ആധിക്ക് വൈകാതെ ജില്ലയിൽ പരിഹാരമാവും. സ്വകാര്യ, സർക്കാർ സ്ഥലങ്ങളിൽ പൊതുചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ അനർട്ട് നടപടി തുടങ്ങി.

ദേശീയ,​ സംസ്ഥാന പാതയോരങ്ങളിലും ആളുകൾക്ക് വേഗത്തിലെത്താനാവുന്നതുമായ ഇടങ്ങളിൽ 500 സ്‌ക്വയർ ഫീറ്റ് ഭൂമി ലഭിച്ചാൽ അനർട്ട് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കും. 20 ലക്ഷമാണ് ചെലവ്. ഒരേ സമയം മൂന്ന് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനാവും. സ്വകാര്യ സംരംഭകർക്ക് ചാർജ്ജിംഗ് മെഷീൻ ഉൾപ്പെടെയുള്ള സാങ്കേതിക സഹായമാവും നൽകുക. സർക്കാർ ഭൂമിയെങ്കിൽ സൗജന്യമായി സ്റ്റേഷൻ നിർമ്മിക്കും. തുടക്കത്തിൽ 100 കിലോമീറ്ററിൽ ഒരു ചാർജ്ജിംഗ് സ്റ്റേഷനാണ് ലക്ഷ്യം. സംരംഭകരുടെ എണ്ണമനുസരിച്ച് കൂടുതൽ സ്റ്റേഷനുകൾ തുടങ്ങും. സൈറ്റ് സർവേ,​ സൈറ്റ് ഫീസിബിലിറ്റി,​ ചാർജ്ജർ സെലക്‌ഷൻ,​ കണക്‌ഷൻ തുടങ്ങിയവ അനർട്ട് ചെയ്തുനൽകും. കേന്ദ്രസർക്കാരിന് കീഴിലെ ഇ.ഇ.എസ്.എല്ലിൽ(എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) നിന്നാണ് ചാർജ്ജിംഗ് യൂണിറ്റ് വാങ്ങുന്നത്. 15 ലക്ഷമാണ് ചെലവ്. ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനമായതിനാൽ ഫുൾ ചാർജ്ജിംഗിന് ശരാശരി ഒരു മണിക്കൂർ മതിയാവും. ഇലക്ട്രിക് വാഹനങ്ങളുള്ളവർ നിലവിൽ വീടുകളിൽ നിന്നാണ് ചാർജ്ജ് ചെയ്യുന്നത്. ഫുൾ ചാർജ്ജാവാൻ ആറ് മണിക്കൂറോളമെടുക്കും. 80 കിലോവാട്ട് വൈദ്യുതി ആവശ്യമായതിനാൽ പ്രത്യേക ട്രാൻസ്ഫോർമ‌ർ വേണ്ടിവരും. കെ.എസ്.ഇ.ബി വൈദ്യുതി കണക്‌ഷൻ, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവയടക്കമാണ് 20 ലക്ഷം ചെലവ് കണക്കാക്കിയിട്ടുള്ളത്.

ചാർജ്ജിംഗ് സ്റ്റേഷൻ തുടങ്ങാൻ ഭൂമി പാട്ടത്തിനും നൽകാം. സ്വകാര്യ സംരംഭകരെ അനർട്ട് കണ്ടെത്തി ഈ സ്ഥലം ഏൽപ്പിക്കും. 10 വർഷത്തേക്കാവും കരാർ‌. ഒരു യൂണിറ്റ് ചാർജ്ജ് ചെയ്താൽ 70 പൈസ എന്ന നിരക്കിൽ ഭൂഉടമയ്ക്ക് വാടക ലഭിക്കും. എറണാകുളത്ത് അനർട്ടിന്റെ നേതൃത്തിൽ സ്ഥാപിച്ച ചാർജ്ജിംഗ് സ്റ്റേഷൻ അടുത്തയാഴ്ച പ്രവർത്തനം തുടങ്ങും. തിരുവനന്തപുരത്ത് നിർമ്മാണം പുരോഗമിക്കുന്നുണ്ട്.

ചാർജ്ജിംഗ് തുടങ്ങി

മലപ്പുറത്ത് കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആളുകൾക്ക് വേഗത്തിലെത്താനാവുന്ന സ്ഥലങ്ങൾക്കാവും മുൻഗണന. സർക്കാർ ഭൂമിയിൽ സ്ഥാപിക്കാനാണ് കൂടുതൽ പ്രാധാന്യമേകുന്നത്. ഭൂമി കിട്ടിയാൽ എത്രയും പെട്ടെന്ന് സ്റ്റേഷൻ തുടങ്ങും.

ഇ-മൊബിലിറ്റി പദ്ധതി ഓഫീസർ,​ അനർട്ട്