1
ചിത്രകാരനായ താജ് ബക്കർ

പൊന്നാനി: പ്രകൃതിദത്തമായ മഷിയിൽ ജീവനുള്ള ചിത്രങ്ങൾ വരച്ചെടുക്കുകയാണ് യുവചിത്രകാരനായ താജ് ബക്കർ. കാലത്തിന്റെ മറവിയിലേക്ക് പോയ പൊന്നാനി മഷിയെ ആവിഷ്‌കാര മാദ്ധ്യമമായി തിരിച്ചു കൊണ്ടുവരികയാണ് ഇദ്ദേഹം.

മദ്രസകളിലെ കൈയെഴുത്തിനുപയോഗിച്ചിരുന്ന മഷിയാണിത്. രണ്ട് പതിറ്റാണ്ടു മുൻപുവരെ പൊന്നാനിയിൽ മദ്രസകൾ കേന്ദ്രീകരിച്ച് അറബി മാസമായ റബീഉൽ അവ്വലിൽ നടന്നിരുന്ന ആഘോഷമാണ് കൈയെഴുത്ത്. കുട്ടികളുടെ കൈയിൽ ആദ്യക്ഷരം എഴുതുന്ന ചടങ്ങാണിത്. കൈയിലെഴുതിയ മഷി കുട്ടികൾ നക്കിയെടുക്കും. മരക്കറയുടെ ഒപ്പം പരുത്തിക്കായയുടെ തൊലി ഉണക്കിപ്പൊടിച്ചോ അരി വറുത്ത് കരിയിച്ചോ ചേർത്താണ് മഷി ഉണ്ടാക്കിയിരുന്നത്. മലബാറിലെ വിവിധ ഭാഗങ്ങളിൽ വിശുദ്ധ ഖുർആൻ വാക്യങ്ങളെഴുതാനും മഷി ഉപയോഗിച്ചിരുന്നു. കുറേ വർഷങ്ങളായി കൈയെഴുത്ത് സജീവമല്ല.

രാജ്യാന്തര തലത്തിൽ ചിത്രകാരന്മാർക്കിടയിൽ നടക്കുന്ന ഇങ്ക് ടോബർ രചനാമത്സരത്തിന്റെ ഭാഗമായാണ് താജിന്റെ പരീക്ഷണം. സ്വന്തം നാട്ടിൽ ലഭ്യമായ ഒന്നിനെ ചിത്രരചനയ്ക്കുള്ള മാദ്ധ്യമമാക്കുകയെന്നതായിരുന്നു ഇങ്ക് ടോബറിലെ നിർദ്ദേശം. ഒക്ടോബറിൽ 30 ദിവസങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിലുള്ള വരകളാണ് മത്സരത്തിലുണ്ടാവുക.

കഴിഞ്ഞ തലമുറയിൽ കൈയെഴുത്തു മഷി നിർമ്മിച്ചിരുന്നയാളുടെ ശിഷ്യനിൽ നിന്നാണ് താജ് മഷി ശേഖരിക്കുന്നത്. മദ്രസ പഠനകാലത്തെ ഓർമ്മകളിൽ നിന്നാണ് കൈയെഴുത്ത് മഷിയെന്ന ആശയം ഉടലെടുത്തത്. മഷിക്ക് ചെലവ് കുറവാണ്. ഏതുതരം ബ്രഷിലും വഴങ്ങും.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്നിൽ വെർച്വലായി നടക്കുന്ന ഹൗസ് കോൺസ്പറൻ റസിഡൻസി പ്രൊജക്ടിലേക്ക് താജിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കളിമണ്ണ് ഉപയോഗിച്ചുള്ള ആർട്ട് വർക്കാണ് താജ് തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡിന് ശേഷം ഓസ്‌ട്രേലിയയിൽ പ്രദർശനമുണ്ടാവും.

മികച്ച നാടക പ്രവർത്തകൻ കൂടിയാണ് താജ് ബക്കർ. ഫോട്ടോഗ്രാഫിയിലും ശ്രദ്ധേയനാണ്.