
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി... ഈ അവസ്ഥയിലാണ് സംസ്ഥാനത്തെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. വിമാന ദുരന്തത്തിന് പിന്നാലെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദുരന്തകാരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വന്നാലേ ഇനി വലിയ വിമാനങ്ങളുടെ സർവീസിന് അനുമതിയേകൂ. ദുരന്തമുണ്ടായി രണ്ടരമാസം പിന്നിട്ടിട്ടും പ്രാഥമിക റിപ്പോർട്ട് പോലും പുറത്തുവന്നിട്ടില്ല. ദുരന്തത്തിന് കാരണം റൺവേയുടെ പോരായ്മയല്ലെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലാൻഡിംഗിലെ പിഴവാകാം ദുരന്ത കാരണമെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ടത് ഇടത്തരം വിമാനവുമാണ്. എന്നാൽ ഇതൊന്നും വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിൽ പരിഗണിച്ചതേയില്ല. കരിപ്പൂരിലേക്ക് സർവീസ് നടത്തിയിരുന്ന പല വിമാന കമ്പനികളും ഇതിനകം തന്നെ പിന്മാറിയിട്ടുണ്ട്. 2005 മുതൽ 2014 വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ ആറ് വിമാനത്താവളങ്ങളിൽ ഒന്നായ കരിപ്പൂർ ഇന്ന് നഷ്ടത്തിലേക്കാണ് പറക്കുന്നത്.
കരിപ്പൂരെന്ന വികാരം
പ്രവാസി യാത്രക്കാരുടെ എണ്ണത്തിൽ മറ്റു വിമാനത്താവളങ്ങളേക്കാൾ കരിപ്പൂർ ബഹുദൂരം മുന്നിലാണ്. തീർത്തും സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമാണ് യാത്രക്കാരിൽ ഭൂരിഭാഗവും. ഒരു വിമാനത്താവളം എന്നതിന് അപ്പുറം കരിപ്പൂരിന് മലബാറിന്റെ ഹൃദയത്തിൽ വലിയൊരു ഇടമുണ്ട്. വിമാനത്താവളത്തിന്റെ വികസനത്തിനായി പത്തിലധികം തവണ കുടിയിറക്കപ്പെട്ടപ്പോഴും പരാതിയോ പരിഭവമോ പറയാതിരുന്ന കരിപ്പൂർ നിവാസികളടക്കം ഈ ഹൃദയബന്ധത്തിന്റെ തെളിവുകളാണ്. കരിപ്പൂർ വിമാനത്താവളം വരുന്നതിന് മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലും കേരളത്തിന് പുറത്തെ വിമാനത്താവളങ്ങളിലും ഇറങ്ങിയായിരുന്നു മലബാറിലെ പ്രവാസികൾ നാടണഞ്ഞിരുന്നത്. പ്രിയപ്പെട്ടവരുടെ അരികിൽ വേഗത്തിലെത്താൻ ആഗ്രഹിക്കുന്നവരുടെ മുന്നിലെ വലിയൊരു കടമ്പയായിരുന്നു ഇത്. ഒരു വിമാനത്താവളമെന്ന കാലങ്ങളായുള്ള സ്വപ്നത്തിന് ചിറക് വിടർത്തിയായിരുന്നു 1988 ഏപ്രിൽ 13ന് കരിപ്പൂരിന്റെ വരവും ഇതുവരെയുള്ള പറക്കലും. കരിപ്പൂരിന് അപ്പുറവും ഇപ്പുറവും സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കരിപ്പൂരിന്റെ ചിറകരിയാൻ ഒളിഞ്ഞും തെളിഞ്ഞും സ്വകാര്യ ലോബികൾ ചരടുവലി ശക്തമാക്കിയത്. റൺവേയുടെ നീളക്കുറവും വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലെ അപകടവും പലവട്ടം ഉന്നയിക്കപ്പെട്ടു. ഇതിലൊന്നും തളരാതിരുന്ന കരിപ്പൂരിന്റെ നെഞ്ചകം പിളർത്തിയായിരുന്നു ആഗസ്റ്റ് ഏഴിനുണ്ടായ വലിയ ദുരന്തം. ദുബായിൽ നിന്നത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി 35 മീറ്റർ താഴ്ചയിലേക്കു പതിച്ച് പൈലറ്റും സഹ പൈലറ്റും അടക്കം 21 പേർ മരിച്ചു. പരിക്കുകളോടെ ചികിത്സയിലായിരുന്നത് 165 പേർ. കഴിഞ്ഞ ദിവസമാണ് ചികിത്സയിലുണ്ടായിരുന്ന അവസാനത്തെയാളും ആശുപത്രി വിട്ടത്.
വിമാന ദുരന്തത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങളും ഉയരുന്നുണ്ടെങ്കിലും രണ്ടര മാസം പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥർ മിണ്ടിയിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ വിദഗ്ധസംഘം പരിശോധന നടത്തി മടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. നേരത്തേ ഡി.ജി.സി.എ നേരിട്ട് നടത്തിയിരുന്ന അന്വേഷണമാണ് ഇപ്പോൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്നത്. അന്വേഷണ റിപ്പോർട്ട് വൈകുന്നതിലെ ആശങ്ക ജനപ്രതിനിധികളടക്കം വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് അഞ്ച് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആദ്യം നിർദ്ദേശിച്ചത്. എന്നാൽ കേരളത്തിൽ നിന്നുള്ള എം.പിമാരുടെ സമ്മർദ്ദത്തെ തുടർന്ന് റിപ്പോർട്ട് കഴിവതും നേരത്തേ സമർപ്പിക്കാൻ മന്ത്രാലയം വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കരിപ്പൂരിൽ ചെറിയ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുക.
ചിറകരിയാൻ തുനിഞ്ഞിറങ്ങി
വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വൈകുന്നത് വിമാനത്താവള വിരുദ്ധ ലോബിക്ക് സഹായകമാവുന്നുണ്ട്. സാധാരണ പത്ത് ദിവസത്തിനകം പുറത്തിറക്കാറുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇത്തവണ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കരിപ്പൂരിനെതിരെ കുപ്രചാരണം അഴിച്ചുവിടാൻ ഈ അവസരം സ്വകാര്യ ലോബി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ലാൻഡിംഗിൽ പൈലറ്റിന് പിഴച്ചതാവാമെന്ന നിഗമനത്തിന് ശക്തി പ്രാപിക്കുമ്പോഴും റൺവേയുടെ നീളവും ടേബിൾ ടോപ്പും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലടക്കം ഭീതിജനകമായ പ്രചാരണങ്ങൾ പലതവണ അരങ്ങേറി. വിമാനത്തിലെ ഡിജിറ്റൽ ഡേറ്റ വോയ്സ് റെക്കോർഡർ (ബ്ലാക്ക് ബോക്സ്) ഡീകോഡ് ചെയ്താൽതന്നെ അപകട കാരണം കണ്ടെത്താനാവും. കരിപ്പൂരിലെ അപകടത്തിന്റെ ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്‌തെങ്കിലും വിശദവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കരിപ്പൂരിനെ ഇല്ലാതാക്കിയാൽ മലബാറിലെ പ്രവാസികൾക്ക് കണ്ണൂരിനേയോ, നെടുമ്പാശ്ശേരിയേയോ ആശ്രയിക്കേണ്ടി വരും. ഇവ രണ്ടും സ്വകാര്യ പങ്കാളിത്തതോട് കൂടിയുള്ളതാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസി യാത്രക്കാരുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത്. ഹജ്ജ് സർവീസിന് അടക്കം വലിയ വിമാനങ്ങൾ യഥേഷ്ടം ഇറങ്ങിയ വിമാനത്താവളവും. അപകടകാരണം വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭ്യമായ ശേഷം സർവീസിന് അനുമതി നൽകാമെന്ന നിലപാടാണ് ഡി.ജി.സി.എക്ക്. ഇതോടെ സൗദി എയർലൈൻസ് കോഴിക്കോട് വിട്ടു. എമിറേറ്റ്സ്, ഖത്തർ എയർ എന്നിവ മാസങ്ങളായി അനുമതിക്കായി കാത്തിരിക്കുകയാണ്. എയർ ഇന്ത്യ ജിദ്ദ ജംബോ സർവീസ് അനിശ്ചിതത്വത്തിലാണ്. ചെറിയ വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്നതോടെ വിമാനത്താവളം നഷ്ടത്തിലാവാൻ സാദ്ധ്യത ഏറെയാണ്. ഇത് വിമാനത്താവളം അടപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്ന സ്വകാര്യ ലോബിക്ക് സഹായകവുമാവും.