covid-

മലപ്പുറം : സംസ്ഥാനത്ത് ആദ്യമായി മലപ്പുറം ജില്ലയിൽ മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തും. തദ്ദേശ പരിധി ഒന്നാകെ കണ്ടെയ്ൻമെന്റ് സോണാക്കുന്നതിനെതിരെ വലിയ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അനുമതിയോടെ ജില്ലാ ഭരണകൂടം മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തുന്നത്. കൊവിഡ് രോഗികൾ കൂടുതലുള്ള സ്ഥലം മാത്രം കണ്ടെയ്ൻമെന്റ് സോണാക്കി ചുരുക്കി വാർഡിലെ മറ്റിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവേകുകയാണ് മൈക്രോ കണ്ടെയ്ൻമെന്റിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ 29 തദ്ദേശസ്ഥാപനങ്ങളിലെ 160 വാർഡുകൾ ഒറ്റയടിക്ക് കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. സമ്പർക്ക രോഗികളാണ് കൂടുതലെന്നതിനാൽ ഒരുകുടുംബത്തിൽ ഒന്നിലധികം രോഗികളുണ്ടാവുന്നതോടെ വാർഡ് ഒന്നാകെ കണ്ടെയ്ൻമെന്റ് സോണാക്കുന്ന രീതിയാണിപ്പോൾ. പലയിടങ്ങളിലും മുന്നറിയിപ്പില്ലാതെയാണ് പ്രഖ്യാപനം. അധികൃതരുടെ നടപടികൾക്കെതിരെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി വന്നതോടെ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനോട് മൈക്രോ കണ്ടെയ്ൻമെന്റ് സോണിനുള്ള അനുമതി തേടിയിരുന്നു.

വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തിയിരുന്നതിലെ അപ്രായോഗികതയ്ക്കെതിരെ വ്യാപകമായി വിമർശനമുയർന്നിരുന്നു. ചിലയിടങ്ങളിൽ റോഡിന്റെ ഒരുവശം കണ്ടെയ്ൻമെന്റ് സോണും മറുവശം നിയന്ത്രണങ്ങളില്ലാത്ത ഭാഗവുമായ അവസ്ഥയുണ്ടായിരുന്നു. നിലവിലെ രീതി അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമായിരുന്നു. കണ്ടെയ്ൻമെന്റ് സോണുകൾ തീരുമാനിക്കുന്നതിന് താഴേത്തട്ടിൽ സംവിധാനമില്ലാത്തതാണ് ഇത്തരം പരാതികൾ ഉയരാൻ കാരണം.

പുതിയ ടീം

കൊവിഡ് രോഗവ്യാപന സാദ്ധ്യത മനസ്സിലാക്കിയ ശേഷം ഓരോ പ്രദേശത്തെയും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കും. ഒരു പ്രദേശമൊന്നാകെ കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടിന് ഇതു പരിഹാരമാവും.

കെ.ഗോപാലകൃഷ്ണൻ,​ ജില്ലാ കളക്ടർ