
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥികളെ യാതൊരു കാരണവശാലും അംഗീകരിക്കേണ്ടതില്ലെന്നും ഇത്തരക്കാർ പാർട്ടിയിൽ മടങ്ങിവന്നാൽ സ്ഥാനമാനങ്ങൾ നൽകരുതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം.കഴിവുള്ള പ്രവർത്തകരെയാണ് മത്സരിപ്പിക്കേണ്ടത്. അതത് വാർഡ് കമ്മിറ്റികൾ പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവരെ തിരഞ്ഞെടുക്കണം. പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തയ്യാറാകുകയും വേണം. കൊവിഡ് കാലത്ത് പൊതുജനങ്ങൾക്ക് അത്താണിയാവാൻ കോൺഗ്രസിന് കഴിഞ്ഞു. ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകാനും കോൺഗ്രസിനായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, നേതാക്കളായ പി.ടി. അജയ് മോഹൻ, വി.എ കരീം, ഇ. മുഹമ്മദ് കുഞ്ഞി, വി. ബാബുരാജ്, ഫാത്തിമ റോഷ്ന, അസീസ് ചീരാന്തൊടി, കെ.പി. നൗഷാദലി, വി.എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, മുൻ എം.പി സി. ഹരിദാസ്, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.