
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിൽ പരസ്പരം പോരടിച്ചിരുന്ന ലീഗും കോൺഗ്രസും യു.ഡി.എഫ് ധാരണ പ്രകാരം ഒരുമിച്ച് മത്സരിക്കുന്നു. വർഷങ്ങളോളമായുള്ള ചേരി തിരിഞ്ഞുള്ള പോരിനാണ് വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ വിരാമമാവുക. ആഴ്ചകൾ പിന്നിട്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം . 21 വാർഡുകളിൽ 13 ഇടത്ത് ലീഗും ഏഴിടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഒരു വാർഡിൽ പൊതുസ്വതന്ത്രനാവും മത്സരിക്കുക. ലീഗിന്റെ ഒരു വാർഡിൽ വെൽഫെയർ പാർട്ടി മത്സരിച്ചേക്കും. തിരൂരങ്ങാടി ബ്ലോക്കിലേക്ക് നന്നമ്പ്ര ബ്ലോക്ക് ഡിവിഷനും പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വിട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗും വെൽഫയർ പാർട്ടിയും ചേർന്നാണ് മത്സരിച്ചിരുന്നത്. ലീഗിന് 14 ഉം വെൽഫെയർ പാർട്ടിക്ക് ഒരു സീറ്റും നേടാനായി. നാലാം വാർഡിൽ ഔദ്യോഗിക ചിഹ്നത്തിൽ കോൺഗ്രസ് മത്സരിച്ച് ജയിച്ചു. ജനകീയ മുന്നണിയായി എൽ.ഡി.എഫുമായി ചേർന്ന് രണ്ട് സീറ്റ് പിടിച്ചു. ലീഗിന്റെ സിറ്റിംഗ് സീറ്റുകളായ 9 ,11 ,17 വാർഡുകളിൽ ഇത്തവണ കോൺഗ്രസ് മത്സരിക്കും. സ്ഥാനാർത്ഥികൾ സംബന്ധിച്ച് ധാരണയായതായാണ് വിവരം.