
തിരൂരങ്ങാടി: തല പോയ തെങ്ങ് ഇപ്പോൾ ഇല്യാസിന്റെ വീട്ടിൽ ചെടിച്ചട്ടിയാണ്. ചെറുമുക്ക് വെസ്റ്റിലെ തലാപ്പിൽ ഇല്യാസിന്റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച. തെങ്ങിൻതടി മുറിച്ച് ഒരു മീറ്റർ നീളമുള്ള ഏഴ് കഷ്ണങ്ങളാക്കി. ശേഷം തെങ്ങിൻകഷ്ണത്തിന് മുകളിൽ വൃത്താകൃതിയിൽഇരുമ്പുകമ്പികൾ അടിച്ച് നിറുത്തും. കമ്പികൾ ഉള്ളഭാഗം തുണി കെട്ടി മറയ്ക്കും. ഇതിൽ മണ്ണ് നിറച്ചാണ് ചെടി കുഴിച്ചിടുക. തെങ്ങിൻതടിക്ക് പെയിന്റടിക്കും. ഏഴു തെങ്ങിൻതടികളിലാണ് ഇല്യാസിന്റെ ചെടികൾ നട്ടിരിക്കുന്നത്.
കൊടിഞ്ഞി ചെറുപാറയിൽ ഹാർഡ് വെയേഴ്സ് ഷോപ്പ് നടത്തി വരികയാണ് ഇല്യാസ്. ലോക്ക് ഡൗൺ സമയത്ത് നിരവധി വസ്തുക്കൾ നിർമ്മിക്കുന്ന പരീക്ഷണങ്ങൾക്കിടയിലാണ് ഈ ആശയവും ഉയർന്നുവന്നത്. സഹോദരിയുടെ മകൾ ഒമ്പത് വയസുകാരി നസ്വയാണ് സഹായിച്ചത്. മരത്തിന്റെ വേരിന് കളർ കൊടുത്ത് അതിൽ വിവിധ തരത്തിലുള്ള ചെടിച്ചട്ടികൾ വച്ചും പരീക്ഷണം നടത്തിയിട്ടുണ്ട്.