
മലപ്പുറം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സി. ആർ .പി .സി 144 പ്രകാരം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 15 അർദ്ധരാത്രി വരെ നീട്ടി ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ ഉത്തരവിട്ടു. ഒക്ടോബർ രണ്ടിന് അർദ്ധരാത്രി മുതൽ 31ന് അർദ്ധരാത്രി വരെയാണ് തുടക്കത്തിൽ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുരുത്. വിവാഹ ചടങ്ങുകൾക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ച് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. മത സ്ഥാപനങ്ങളിൽ പ്രാർത്ഥനകൾ, മതപരമായ മറ്റ് ചടങ്ങുകൾ, മത,രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ,സർക്കാർ പരിപാടികൾ എന്നിവയ്ക്ക് 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് കടകൾ എന്നിവയുടെ പ്രവർത്തനം രാത്രി എട്ടു വരെയും അവയുടെ പാർസൽ സർവീസുകൾ രാത്രി ഒൻപത് വരെയുമാണ്. ടൂർണ്ണമെന്റുകൾ, ജിംനേഷ്യം, സ്പോർട്സ് ക്ലബ്, ടർഫ്, നീന്തൽ കുളങ്ങൾ, എല്ലാവിധ ഇൻഡോർ, ഔട്ട്ഡോർ കായിക പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.. ഉത്തരവ് കർശനമായി നടപ്പിലാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.