
സമസ്ത മേഖലകളിലും കൊവിഡ് സൃഷ്ടിച്ച ആഘാതം ചെറുതല്ല. സാധാരണക്കാർ മുതൽ വൻകിട വ്യവസായശാലകളുടെ ഉടമകളെ വരെ കൊവിഡ് എന്ന മഹാമാരി പിന്നോട്ടടിച്ചു, പലരുടെയും ജീവിതമാർഗം പോലും വഴിമുട്ടിയ അവസ്ഥയിലാണ്. കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടും കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോടിന് ഇതുവരെ നടുനിവർത്താൻ കഴിഞ്ഞിട്ടില്ല. ഈ മേഖലയിൽ നിന്ന് മാരിക്കോയ്ക്ക് പിന്നാലെ പെപ്സി വരുൺ ബ്രൂവറീസും അടച്ചുപൂട്ടുമ്പോൾ ആശങ്കകൾ ഏറെയാണ്.
കേരളത്തിലെ ഏറ്റവും വലിയ വ്യവസായ മേഖലകളിലൊന്നാണ് കഞ്ചിക്കോട്. 725 ലധികം യൂണിറ്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് പെപ്സി യൂണിറ്റ്. സ്ഥിരം - താത്കാലിക ജീവനക്കാരായി 600 ഓളം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. കമ്പനി ലോക്ക് ഔട്ട് പ്രഖ്യാപിക്കുമ്പോൾ ഏറ്റവും ആദ്യം പ്രതിസന്ധിയിലാവുന്നതും ഇവർ തന്നെയാകും.
സ്ഥാപനം അടച്ചു പൂട്ടുകയാണെന്ന് വ്യക്തമാക്കി കമ്പനി അധികൃതർ സംസ്ഥാന തൊഴിൽ വകുപ്പിനും തൊഴിലാളി യൂണിയനുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. തൊണ്ണൂറാം ദിവസം അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. യൂണിറ്റിലെ ജീവനക്കാർക്ക് അർഹതപ്പെട്ട നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നൽകിയാകും പ്രവർത്തനം അവസാനിപ്പിക്കുക എന്ന് നോട്ടീസിലുണ്ട്. സ്ഥിരം ജീവനക്കാരായ 112 പേർക്ക് കുടിശിക വേതനവും നഷ്ടപരിഹാരവും നൽകുന്നതിനെക്കുറിച്ചേ കമ്പനിയുടെ നോട്ടീസിൽ പറയുന്നുള്ളൂ. കരാർ ജീവനക്കാരും പ്ലാന്റിന്റെ അനുബന്ധ ജോലികളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും ഉൾപ്പെടെ അഞ്ഞൂറോളം പേർ പക്ഷേ, വഴിയാധാരമാകും. കൊവിഡ് മൂലം തൊഴിൽനഷ്ടം അതിരൂക്ഷമായ സാഹചര്യത്തിൽ ഇവർക്ക് മറ്റൊരു തൊഴിലിടം ലഭിക്കുന്നത് ഒട്ടും എളുപ്പമല്ലെന്ന് മാത്രമല്ല, ഏറെ പ്രയാസമുള്ളതാണ് എന്നതാണ് യാഥാർത്ഥ്യം. യൂണിറ്റ് തുറക്കാൻ യൂണിയനുകൾ ചർച്ചയ്ക്ക് തയ്യാറാണെങ്കിലും കമ്പനി നേതൃത്വം മുന്നോട്ടുവന്നിട്ടില്ല.
ഇതിന് മുമ്പ് മാരികോയുടെ കഞ്ചിക്കോട്ടെ യൂണിറ്റും അടച്ചുപൂട്ടിയിരുന്നു. 125 ഓളം പേർക്കാണ് അന്ന് തൊഴിൽ നഷ്ടപ്പെട്ടമായത്. മാരികോയുടെ ഈ യൂണിറ്റിന് പല ഉത്പന്നങ്ങളും സപ്ലൈ ചെയ്തിരുന്ന സ്ഥാപനങ്ങളും കമ്പനി പൂട്ടിയതോടെ കഷ്ടത്തിലായി. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും തൊഴിലന്വേഷിച്ച് നടക്കുകയാണ്. പെപ്സി വിഷയത്തിൽ ആവശ്യമായ ഇടപെടൽ സർക്കാർ സ്ഥീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കിൽ സകല പ്രതീക്ഷകളും അർപ്പിച്ച് കാത്തിരിക്കുകയാണ് തൊഴിലാളികൾ. പ്ലാന്റ് അടച്ചു പൂട്ടാനുള്ള നീക്കത്തെ ചെറുക്കുമെന്ന് തൊഴിലാളി സംഘടനകൾ പറയുന്നുണ്ടെങ്കിലും ഇനി എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. നിലവിൽ ഇടതു തൊഴിലാളി സംഘടനകൾ കമ്പനിപടിക്കൽ സത്യാഗ്രഹ സമരം ആരംഭിച്ചിട്ടുണ്ട്.
വ്യവസായ സൗഹൃദ
അന്തരീക്ഷം നഷ്ടമായി
കഞ്ചിക്കോട് വ്യവസായ മേഖലയിൽ വേതനം വർദ്ധിപ്പിച്ച് തൊഴിൽ കരാറുകൾ പുതുക്കണെന്നാവശ്യവുമായി തൊഴിലാളി യൂണിയനുകൾ രംഗത്ത്. ഇത് യവസായസൗഹൃദ അന്തരീക്ഷം ഇല്ലാതാക്കും. ഇക്കഴിഞ്ഞ മാർച്ച് 31ന് കരാർ കാലാവധി അവസാനിച്ച കമ്പനികളിൽ 50 മുതൽ 60 ശതമാനം വരെ വേതന വർദ്ധന ആവശ്യപ്പെട്ടാണ് യൂണിയനുകൾ നോട്ടീസ് നൽകിയിരിക്കുന്നത്. പെപ്സി, റബ്ഫില്ല ഇന്റർനാഷണൽ, ആര്യവൈദ്യ ഫാർമസി തുടങ്ങിയ കമ്പനികൾ അതിൽ ചിലത് മാത്രം. കൊവിഡ് പ്രതിസന്ധിയിൽ തൊഴിലാളികളെ പിരിച്ചുവിടാതെയും വേതനം വെട്ടിക്കുറയ്ക്കാതെയും പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്നതിനിടെ വേതന വർദ്ധനയെന്ന ആവശ്യം കമ്പനികളുടെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് സംരംഭകർ പറയുന്നു.
പെപ്സിയുടെ സോഫ്റ്റ്ഡ്രിങ്ക്സ് നിർമാണ യൂണിറ്റ് ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പൂട്ടിയത്. വേതന വർദ്ധന ആവശ്യപ്പെട്ട് യൂണിയനുകൾ നടത്തിയ പ്രക്ഷോഭമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. പെപ്സിക്ക് പിന്നാലെ കൂടുതൽ യൂണിറ്റുകൾ പൂട്ടാനുള്ള തീരുമാനമെടുത്തേക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. കഞ്ചിക്കോട് നിന്ന് പോകുന്നവർ കിലോമീറ്ററുകൾക്ക് അപ്പുറം തമിഴ്നാട്ടിൽ പുതിയ സംരംഭം ആരംഭിക്കുന്നു എന്നത് ഗൗരവമായി കാണേണ്ട വസ്തുതയാണ്. നിലവിലെ അവസ്ഥ തുടർന്നാൽ ബാംഗ്ലൂർ - കൊച്ചി വ്യവസായ ഇടനാഴി പദ്ധതിയെ തന്നെ ഇത് ബാധിക്കുമെന്നും കഞ്ചിക്കോട് ഇൻഡസ്ട്രീയൽ ഫോറം ഭാരവാഹികൾ അഭിപ്രായപ്പെടുന്നു.
വിടാതെ പിന്തുടർന്ന്
വിവാദങ്ങളും
രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം തുടങ്ങിയ നാൾ മുതൽ കഞ്ചിക്കോട് പെപ്സി പ്ലാന്റിനെ വിവാദങ്ങൾ വിടാതെ പിന്തുടർന്നിരുന്നു. അമിതമായി ജലമൂറ്റുന്നുവെന്നതാണ് അതിൽ പ്രധാനം. പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമര സമിതിയുടെ മാതൃകയിൽ പെപ്സി പ്ലാന്റിനെതിരേയും സമരംചെയ്തെങ്കിലും വിജയിച്ചില്ല. പക്ഷേ, അടച്ചുപൂട്ടലിൽ നിന്ന് രക്ഷപ്പെട്ട കമ്പനിക്ക് പിന്നീട് പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇടതു -വലതു തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തുടർച്ചയായി സമരങ്ങൾ അരങ്ങേറിയതോടെ ഉത്പാദനത്തെ ബാധിച്ചു. ഈ കാലയളവിൽ പുതുശ്ശേരി പഞ്ചായത്തുമായും കമ്പനിക്ക് ഇടയേണ്ടിവന്നത് കൂടുതൽ പ്രതിസന്ധിയിലാക്കി.
അമിത ജലമൂറ്റലിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മുൻ എം.പി എം.ബി.രാജേഷും സി.പി.എം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് ഭരണസമിതിയും ശക്തമായ നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങൾ കോടതിയിലേക്കും നീങ്ങി. തുടർന്ന് ഭൂഗർഭജലം ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതിനിടെ കടുത്ത വേനലിൽ മൂന്നുമാസം പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവെക്കണമെന്ന് പഞ്ചായത്ത് ഉത്തരവിട്ടതോടെ പ്രവർത്തനം താളംതെറ്റി. ഉത്പന്നത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടാകുന്ന സമയത്ത് ഉത്പാദനം നിറുത്തേണ്ടി വന്നത് കമ്പനിയെ വലിയ നഷ്ടത്തിലേക്ക് നയിച്ചു. പിന്നീട് 2019ലാണ് വരുൺ ബ്രൂവറീസ് എന്ന കമ്പനി രാജ്യത്തെ പെപ്സി യൂണിറ്റുകൾ മുഴുവൻ ഏറ്റെടുത്തത്. ഇന്ത്യയിൽ ചെലവ് കൂടുതലും കുറവ് ഉത്പാദനക്ഷമതയുമുള്ള യൂണിറ്റാണ് കേരളത്തിലേത് എന്നായിരുന്നു വരുൺ ബ്രൂവറീസിന്റെ നേതൃത്വത്തിന്റെ പക്ഷം. ഇതോടെ കഞ്ചിക്കോട് പ്ലാന്റ് അടച്ചു പൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. അനുയോജ്യമല്ലാത്ത തൊഴിലന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത് കമ്പനിയുടെ പ്രവർത്തനം തുടരുന്നതിൽ അർത്ഥമില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.