bus

പാലക്കാട്: ദിവസം കഴിയുന്തോറും തകർച്ചയിലേക്കുള്ള അതിവേഗ യാത്രയിലാണ് സ്വകാര്യ ബസ് വ്യവസായം. അൺലോക്ക് അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോഴും ജില്ലയിൽ 60% ബസുകളും കട്ടപ്പുറത്താണ്. 1200 ബസുകളിൽ 500ൽ താഴെ മാത്രമേ നിരത്തിലിറങ്ങുന്നുള്ളു. ബാക്കി ജി.ഫോം അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

ബസ് നിരത്തിലിറങ്ങാത്തതിനാൽ തൊഴിലാളികളിൽ 20% പേർക്ക് കൃത്യമായി ജോലിയില്ല. റോഡ്‌ നികുതി ഒഴിവാക്കിയതിനാൽ മാത്രമാണ് കുറച്ചെങ്കിലും ബസുകൾ ഓടുന്നതെന്ന് ഉടമകൾ പറയുന്നു.

സർവീസ് പേരിന് മാത്രം

പാലക്കാട് സ്റ്റേഡിയം, ടൗൺ സ്റ്റാന്റുകളിൽ നിന്ന് കൊല്ലങ്കോട്, നെന്മാറ, കൊടുവായൂർ, പല്ലശ്ശന, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, ചെർപ്പുളശേരി, ഒറ്റപ്പാലം, മങ്കര, മലമ്പുഴ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും സർവീസുള്ളത്. ലോക്ക് ഡൗണിന് മുമ്പ് കൊല്ലങ്കോട് റൂട്ടിൽ 25 ലധികം ബസുകൾ ഓടിയിരുന്നെങ്കിൽ ഇപ്പോൾ എട്ടായി ചുരുങ്ങി.

മങ്കര, ഒറ്റപ്പാലം റൂട്ടുകളിലാണ് കുറച്ചെങ്കിലും സർവീസുള്ളത്. കിഴക്കൻ മേഖലയായ ചിറ്റൂർ- കൊഴിഞ്ഞാമ്പാറ റൂട്ടുകളിലേക്കും 20% ബസുകളേ സർവീസ് നടത്തുന്നുള്ളു. മറ്റുചില റൂട്ടുകളിൽ പേരിനുമാത്രം ഒന്നോ രണ്ടോ ബസുകളോടുന്നു. ആളില്ലാത്തതിനാൽ രാവിലെയും വൈകിട്ടും ഓഫീസ് സമയത്ത് മാത്രമാണ് പലരും സർവീസ് നടത്തുന്നത്. എന്നിട്ടും സീറ്റ് നിറയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഓണ സമയത്ത് മാത്രമാണ് അല്പമെങ്കിലും ആളുണ്ടായത്.

ഓടുന്നത് നാശം ഒഴിവാക്കാൻ

ലോക്ക് ഡൗണിന് മുമ്പ് ശരാശരി പ്രതിദിന കളക്ഷൻ 10000 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് പകുതിയിൽ താഴെയാണ്. നഷ്ടം സഹിച്ചും ഓടുന്നത് ബസുകൾ വെറുതേയിട്ടാൽ നശിക്കുമെന്ന പേടിയിലാണ്. പുതിയ ബസുകളിലെല്ലാം സെൻസർ സംവിധാനമാണ്. ഉപയോഗിക്കാതെ കിടന്നാൽ പെട്ടെന്ന് കേടാകും. നന്നാക്കാൻ വൻ തുകയാകും. തൊഴിലാളികളുടെ ആവശ്യപ്രകാരം ഓടുന്നവയുമുണ്ട്. ഡീസലിന്റെ പണം കിഴിച്ച് ബാക്കിവരുന്ന തുക തൊഴിലാളികളും ഉടമയും വീതിക്കുന്ന സംവിധാനമാണുള്ളത്. ചില ദിവസങ്ങളിൽ വീതിക്കുമ്പോൾ 300 രൂപ പോലും കിട്ടാത്ത അവസ്ഥയാണ്. നേരത്തേ 900 രൂപ വരെ കിട്ടിയ സ്ഥാനത്താണിത്.

ഇൻഷ്വറൻസിന് മാത്രം ദിവസം 200 രൂപ വേണം. ടയർ തേയ്മാനവും ഇത്രതന്നെ വരും. മറ്റ് അറ്റകുറ്റപ്പണി വന്നാൽ പിന്നെ നോക്കേണ്ട. ഓടാത്ത ബസുകളിലെ തൊഴിലാളികളിൽ വലിയൊരു വിഭാഗം മറ്റ് തൊഴിൽ മേഖലകളിലേക്ക് ചേക്കേറി. അധികം പേരും വാർക്കപ്പണിക്ക് സഹായിയായാണ് പോകുന്നത്. തൊഴിലുറപ്പിന് പോകുന്നവരുമുണ്ട്.

ലോക് ഡൗണിന്

മുമ്പ്

ശേഷം

പകുതിയിലധികം ബസുകളും ജി.ഫോം നൽകി. ഓരോ റൂട്ടിലും രണ്ടോ മൂന്നോ ബസുകൾ മാത്രമാണുള്ളത്. പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സർവീസ് നടത്താറില്ല. കൊവിഡ് വ്യാപനം മൂലം യാത്രക്കാരുടെ എണ്ണം കുറവാണ്. സ്കൂൾ- കോളേജ്, തിയ്യേറ്ററുകൾ എന്നിവ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.
-ടി.ഗോപിനാഥൻ, ജന.കൺവീനർ, ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി.