ksrtc

കോയമ്പത്തൂരിലേക്ക് രണ്ടാമത്തെ സർവീസ് അഞ്ചുമുതൽ

പാലക്കാട്: കൊവിഡ് വ്യാപനത്തിനിടെ നഷ്ടക്കണക്കിൽ നിന്ന് മുക്തി തേടി കെ.എസ്.ആർ.ടി.സി കൂടുതൽ ബോണ്ട് (ബസ് ഓൺ ഡിമാന്റ്) സർവീസ് ആരംഭിക്കുന്നു. ജില്ലയിലെ അഞ്ചാമത്തെയും കോയമ്പത്തൂരിലേക്കുള്ള രണ്ടാമത്തെയും ബോണ്ട് സർവീസ് തിങ്കളാഴ്ച ആരംഭിക്കും. പാലക്കാട് നിന്ന് രാവിലെ 5.30നും കോയമ്പത്തൂരിൽ നിന്ന് 4.30നുമാണ് സർവീസ്. നിലവിൽ 38 പേർ ബുക്ക് ചെയ്തിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ സാധാരണ സർവീസ് നഷ്ടത്തിലോടുമ്പോൾ ബോണ്ട് സർവീസ് ലാഭകരമാണെന്നാണ് അധികൃതർ പറയുന്നത്. മണ്ണുത്തി കാർഷിക സർവകലാശാലയിലേക്ക് ആലത്തൂർ- വടക്കഞ്ചേരി വഴിയും ചിറ്റൂരിൽ നിന്ന് കൊല്ലങ്കോട്- നെന്മാറ വഴിയും രണ്ട് സർവീസും എലവഞ്ചേരിയിൽ നിന്ന് പാലക്കാട് സിവിൽ സ്റ്റേഷനിലേക്കും പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്ക് ഓരോ സർവീസുമാണ് നിലവിലുള്ളത്.

നഷ്ടക്കണക്ക്

ലോക്ക് ഡൗൺ ഇളവിൽ സർവീസ് പുനഃരാരംഭിച്ച് നാലുമാസം പിന്നിട്ടിട്ടും വരുമാനത്തിൽ യാതൊരു വർദ്ധനവുമില്ല. നിലവിൽ പാലക്കാട് ഡിപ്പോയിൽ നിന്നുള്ള 50 സർവീസിൽ നിന്ന് മൂന്നുലക്ഷത്തിൽ താഴെയാണ് പ്രതിദിന കളക്ഷൻ. ലോക്ക് ഡൗണിന് മുമ്പ് 82 സർവീസിൽ നിന്ന് പ്രതിദിനം 15 മുതൽ 20 ലക്ഷം വരെയായിരുന്നു വരുമാനം. മണ്ണാർക്കാട്- 24, ചിറ്റൂർ- 25, വടക്കഞ്ചേരി- 23 എന്നിങ്ങനെയാണ് സബ് ഡിപ്പോകളിലെ സർവീസ്.

ചെർപ്പുളശേരിക്കും ബോണ്ട്


പാലക്കാട് നിന്ന് ചെർപ്പുളശേരിക്ക് ബോണ്ട് സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മിനിമം 25 പേരെങ്കിലും ആയാൽ സർവീസാരംഭിക്കും. ലാഭകരമായതിനാൽ യാത്രക്കാർ ആവശ്യപ്പെടുന്ന ഏത് പ്രദേശത്തേക്കും സർവീസ് നടത്തും.

-പി.എസ്.മഹേഷ്, ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി, പാലക്കാട്.