ആലത്തൂർ: യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം മിഴാവ് കലാകാരൻ കലാമണ്ഡലം അഭിജോഷിന് അർഹതയ്ക്കുള്ള അംഗീകാരമായി. മിഴാവിന്റെ സ്വതന്ത്രമായ പ്രകടനത്തിൽ തനതായ മുദ്രപതിപ്പിച്ച് സ്വദേശത്തും വിദേശത്തും കലാവൈഭവം കാഴ്ചവെച്ച് രംഗക്രിയകളെ അതിമനോഹരമാക്കുന്നു ഈ കലാകാരൻ.
കൃത്യമായ താളബോധവും സൂക്ഷ്മമായ കലാനിർണയവും ഭദ്രമായ കരവിരുതും അഭിജോഷിന്റെ മിഴാവ് വാദനത്തെ മികവുറ്റതാക്കുന്നു. മൺമറയുന്ന ഈ പ്രാചീന വാദ്യരൂപത്തെ ജനകീയമാക്കുന്ന പ്രവർത്തനങ്ങളാണ് 2019 വർഷത്തെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ (കല) പുരസ്‌കാരത്തിന് അഭിജോഷിനെ അർഹനാക്കിയത്. ഏഴാംതരം മുതലാണ് കലാമണ്ഡലത്തിൽ മിഴാവ് അഭ്യസിച്ച് തുടങ്ങുന്നത്. കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം അച്യുതാനന്ദൻ എന്നിവരാണ് ഗുരുക്കന്മാർ. 2004ൽ അരങ്ങേറ്റം കുറിച്ചു. കൊൽക്കത്തയിലെ പ്രശസ്ത നാടക സംവിധായകൻ മോനിഷ് മിശ്രയുടെ ഊരുഭംഗം എന്ന നാടകത്തിൽ മിഴാവ് വായിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ്, കേരള സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ്, കലാമണ്ഡലം യുവപ്രതിഭാ പുരസ്കാരം അങ്ങനെ നീളുന്നു അംഗീകാരങ്ങൾ.
മിഴാവ് കൂടാതെ ചാക്യാർകൂത്ത്, പാഠകം എന്നിവയും അഭ്യസിച്ച് കലാമണ്ഡലത്തിൽ നിന്ന് ബിരുദവും ബിരുദാനന്ത ബിരുദവും നേടി. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ബ്ലോക്ക് കൺവീനറായ അഭിജോഷ് ഗുരുനാഥന്മാർക്കും മാതാപിതാക്കൾക്കും മാതൃസ്ഥാപനത്തിനും പുരസ്കാരം സമർപ്പിക്കുന്നു.
കഴിഞ്ഞ ദിവസം മന്ത്രി ഇ.പി.ജയരാജനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ചിറ്റിലഞ്ചേരി തരികണ്ണി വീട്ടിൽ ഗംഗാധരൻ-ശാന്ത ദമ്പതികളുടെ മകനായ അഭിജോഷ് കലാമണ്ഡലത്തിൽ മിഴാവ് വിഭാഗം താൽക്കാലിക അദ്ധ്യാപകനാണ്.