
 ക്ഷീരകർഷകരുടെ വീടിനും തൊഴിത്തിനും ഇൻഷ്വറൻസ് പദ്ധതിയുമായി മലബാർ മേഖല യൂണിയൻ
പാലക്കാട്: ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകരുടെ വീടിനും തൊഴിത്തിനും ഇൻഷ്വറൻസ് പദ്ധതിയുമായി മിൽമ മലബാർ മേഖല യൂണിയൻ. യൂണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വീടിനും വീട്ടിലെ സാധനസാമഗ്രികൾക്കും തൊഴിത്തിനും പരിരക്ഷ കിട്ടും. പ്രീമിയം ഇനത്തിൽ 50 ലക്ഷം രൂപയാണ് മലബാർ മേഖല യൂണിയൻ സബ്‌സിഡിയായി അനുവദിക്കുക.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലെ ക്ഷീരകർഷകർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 
മലബാറിൽ ആകെ ഒരുലക്ഷത്തിലധികം ക്ഷീരകർഷകരുണ്ട്. പാലക്കാട് മാത്രം 25000 പേരാണ് ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നത്.
ക്ഷീരസംഘത്തിൽ പാലളക്കുന്ന കർഷകനും കർഷകൻ താമസിക്കുന്ന വീടിന്റെ ഉടമസ്ഥാവകാശം അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മകൾ, മകൻ എന്നിവരുടെ പേരിലാണെങ്കിലും ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാം. ഇലക്ട്രിക് സർക്യൂട്ട്, ഇടിമിന്നൽ, തീപിടിത്തം, പ്രകൃതിദുരന്തങ്ങൾ എന്നിവമൂലം വീടിനോ തൊഴിത്തിനോ നാശനഷ്ടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
 ഭവന ഇൻഷ്വറൻസ്
വീടും വീട്ടുപകരണങ്ങളും ഉൾപ്പെടെ പത്തുലക്ഷം രൂപയ്ക്ക് 313 രൂപയും 15 ലക്ഷം രൂപയ്ക്ക് 469 രൂപയും 20 ലക്ഷം രൂപയ്ക്ക് 625 രൂപയുമാണ് പ്രീമിയം. ഈ തുകയിൽ യൂണിയൻ 50 രൂപ സബ്‌സിഡി നൽകും.
 തൊഴുത്ത് ഇൻഷ്വറൻസ്
മേൽക്കൂര കോൺക്രീറ്റ്, ഓട്, ടിൻ, ആസ്ബറ്റോസ് എന്നിവയുള്ള തൊഴുത്തുകളാണ് ഇൻഷ്വുറൻസ് പരിധിയിൽ ഉൾപ്പെടുക. പരമാവധി 1.85 ലക്ഷം രൂപവരെ ഇൻഷ്വുറൻസ് ചെയ്യാം. ഇതിനുള്ള പ്രീമിയം 59 രൂപയാണ്. ഇതിൽ 30 രൂപ യൂണിയൻ സബ്‌സിഡിയായി നൽകും.
 പ്രീമിയം തുക കർഷകരുടെ പാൽവിലയിൽ നിന്നും ഈടാക്കും. താത്പര്യമുള്ള ക്ഷീരകർഷകർ സംഘം സെക്രട്ടറിയുമായി ബന്ധപ്പെടണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷീരസംഘങ്ങളിൽ നിന്ന് ലഭിക്കും. ഈ മാസം 15നകം അപേക്ഷകൾ പി ആന്റ് ഐ ഓഫീസുകളിൽ സമർപ്പിക്കണം.
കെ.അജിത്ത്, അസി.മാനേജർ, മലബാർ മേഖല യൂണിയൻ