
പാലക്കാട്: കർഷകർക്ക് ആശ്വാസമായി ജില്ലയിൽ നെല്ലുസംഭരണം ആരംഭിച്ചു. ഒന്നാം തിയതി മുതൽ ഇതുവരെ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി നിലവിൽ പാഡികോ ഉൾപ്പെടെ നാലു മില്ലുകളുമായി സഹകരിച്ചാണ് സപ്ലൈകോ നെ ടൺ നെല്ല് സംഭരിച്ചതായി അധികൃതർ വ്യക്തമാക്കി.
ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, പുതുക്കോട്, പാലക്കാട് താലൂക്കിലെ പെരുവെമ്പ് എന്നിവിടങ്ങളിലാണ് നിലവിൽ സംഭരണം തുടങ്ങിയിരിക്കുന്നത്. വടക്കഞ്ചേരി, കുഴൽമന്ദം, കൊല്ലങ്കോട്, കോട്ടായി, പട്ടാമ്പി എന്നിവിടങ്ങളിൽ കൊയ്ത്ത് സജീവമാണ്. കൂടുതൽ മില്ലുടമകൾ കരാറിൽ ഒപ്പിട്ടാൽ മാത്രമേ സംഭരണം വേഗത്തിൽ നടക്കുകയുള്ളൂ എന്ന് കർഷകർ പറഞ്ഞു.
 ഒക്ടോബർ ഒന്നുമുതലാണ് സംഭരണം തുടങ്ങിയത്. നിലവിൽ 12 ടൺ നെല്ല് സംഭരിച്ചു. കൂടുതൽ മില്ലുകളുമായി കരാർ ഒപ്പിടാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. അടുത്ത ആഴ്ചയോടെ സംഭരണം സജീവമാകും.
കൃഷ്ണകുമാരി, പി.എം.ഒ, പാലക്കാട്
 മഴ കുറഞ്ഞും ആശ്വാസം
സംഭരണം വൈകിയതും ശക്തമായ മഴയും കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സംഭരണം ആരംഭിച്ചതോടൊപ്പം മഴ കുറഞ്ഞത് നെല്ല് ഉണക്കാനും മറ്റും ഏറെ ആശ്വാസമായിട്ടുണ്ട്.
മുതലാംതോട് മണി, ജില്ലാ ജനറൽ സെക്രട്ടറി, ദേശീയ കർഷക സമാജം