 
ആലത്തൂർ: കൊയ്ത്തിന് കൈതാങ്ങായി കൈക്കോയുടെ യന്ത്രങ്ങളും. അന്യസംസ്ഥാന ഏജന്റുമാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി 'നിറ' കഴിഞ്ഞ മൂന്നുവർഷമായി നടപ്പാക്കുന്ന കൊയ്ത്തിനൊരു കൈത്താങ്ങിന്റെ ഭാഗമായാണ് കൈക്കോയുടെ യന്ത്രങ്ങൾ ആലത്തൂരിലെത്തിയത്.
കൊവിഡ് മൂലം അന്യസംസ്ഥാന യന്ത്രങ്ങളുടെ വരവ് പ്രതിസന്ധിയിലാകുമെന്ന് കണ്ടപ്പോഴാണ് കെ.ഡി.പ്രസേനൻ എം.എൽ.എ കൈക്കോയുടെ യന്ത്രങ്ങൾ ആവശ്യപ്പെട്ടത്. ഇതിനായി കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് തീരുമാനം എടുക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് 20 യന്ത്രങ്ങൾ കൈക്കൊ അനുവദിച്ചത്. യന്ത്രങ്ങളുടെ ഫ്ലാഗ് ഒഫ് കുഴൽമന്ദത്ത് കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി അധ്യക്ഷയായി, പഞ്ചായത്ത് പ്രസിഡന്റ് പി.പ്രകാശൻ,എസ്.അബ്ദുൾറഹ്മാൻ, ആർ.സരേന്ദ്രൻ എന്നിവർ സംസാരിച്ചു.
നിലവിൽ ലഭ്യമായ അന്യസംസ്ഥാന യന്ത്രങ്ങൾക്ക് പുറമെ മണിക്കൂറിന് 2200 രൂപ നിരക്കിലാണ് കൈക്കോയുടെ യന്ത്രങ്ങളും നിറ ഹരിതമിത്ര സൊസൈറ്റി മഖേന ആലത്തൂർ നിയോജകമണ്ഡലത്തിലെ കർഷകർക്ക് ലഭിക്കുക. ഇതോടെ നിറ പദ്ധതിയിൽ 50 കൊയ്ത്ത് യന്ത്രങ്ങളാണ് മണ്ഡലത്തിലെ കർഷകർക്കായി പ്രവർത്തിക്കുന്നത്.