orange-farm
വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാം

നെല്ലിയാമ്പതി: പാവങ്ങളുടെ ഊട്ടിയിൽ ഇനി ഓറഞ്ചിന്റെ വിളവെടുപ്പ് കാലമാണ്. ഗന്ധവും രുചിയും കൊണ്ട് ഏറെ മുന്നിൽ നിൽക്കുന്ന നാഗ്പൂർ ഓറഞ്ചിന്റെ മറ്റൊരു പതിപ്പാണ് നെല്ലിയാമ്പതിയിലെ സർക്കാർ ഫാമുകളിലും ചില സ്വകാര്യ തോട്ടങ്ങളിലും വിളഞ്ഞുനിൽക്കുന്നത്.

2016ൽ വച്ചുപിടിപ്പിച്ച ചെടികളാണ് ഇപ്പോൾ കായ്ച്ചിട്ടുള്ളത്. ഒരു ഹെക്ടർ സ്ഥലത്ത് 6000 ചെടികളിലായാണ് നെല്ലിയാമ്പതി ഫാമിലെ കൃഷി. ഒരു ചെടിയിൽ നിന്ന് 10 കിലോഗ്രാം വരെയാണ് വിളവ് പ്രതീക്ഷിക്കുന്നത്.

ഇടത്തരം വലിപ്പമുള്ള ഓറഞ്ചുകളാണ് നെല്ലിയാമ്പതിയിലേത്. മുൻ വർഷങ്ങളിൽ ഫാമിലെ പഴയ ചെടികളിൽ നിന്ന് ലഭിച്ചിരുന്നത് 300 കിലോയിൽ താഴെ മാത്രമായിരുന്നു. എന്നാൽ,​ ഇത്തവണ അത്യുത്പാദനശേഷിയുള്ള കൂർഗം മണ്ഡാരിൻ ഇനത്തിൽപ്പെട്ട ഉയരംകുറഞ്ഞ ഇനം ചെടികളാണ് നട്ടത് എന്നതിനാൽ കൂടുതൽ വിളവെടുപ്പ് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു.

ആദ്യ വിളവെടുപ്പിൽ ഒരു ടൺ ഓറഞ്ചാണ് പ്രതീക്ഷിക്കുന്നത്.

പുറം തോലിന്റെ കനം കുറഞ്ഞതും ജലാംശം കൂടുതലുമായ ഇനമാണിത് എന്നതിനാൽ തന്നെ നെല്ലിയാമ്പതിയിലെ ഒാറഞ്ചുകൾക്ക് ആവശ്യക്കാരും ഏറെയാണ്.
അടുത്തമാസത്തോടെ വിളവെടുപ്പ് സജീവമാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഫാമിൽ തന്നെയുള്ള സംസ്‌കരണ യൂണിറ്റിൽ ഇവ സംസ്‌കരിച്ച് സ്‌ക്വാഷ് നിർമ്മിച്ച് വിൽപ്പന നടത്തുകയാണ് ലക്ഷ്യം. അൺലോക്ക് അഞ്ചാംഘട്ടത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതോടെ നെല്ലിയാമ്പതിയിലേക്ക് ആളുകളെത്തുമെന്ന പ്രതീക്ഷയാണ് കച്ചവടക്കാർക്കും.