 
 പ്രതിദിനം ലഭിക്കുക 10 കിലോ പാചകവാതകം
പാലക്കാട്: മലമ്പുഴ പഞ്ചായത്ത് ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലാ ജയിലിൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചു. 15 മീറ്റർ ക്യൂബ് ശേഷിയുള്ള ദീനബന്ധു മോഡൽ പ്ലാന്റാണ് മുണ്ടൂർ ഐ.ആർ.ടി.സി മുഖേന സ്ഥാപിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. പ്ലാന്റിൽ പ്രതിദിനം 300 കിലോ വീതം ഖര - ദ്രവ്യമാലിന്യം സംസ്കരിക്കാൻ കഴിയും. ഇതുവഴി ദിവസേന പത്ത് കിലോ പാചകവാതകം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്ലാന്റിന്റെ ഉദ്ഘാടനം ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ അഭിജിത്ത് നിർവഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് ഹാരൂൺ, ഐ.ആർ.ടി.സി പ്രതിനിധി രതീഷ്, ദിനേഷ് ബാബു, രാജേഷ്, മുരളി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
 150 തടവുകാരുള്ള ജില്ലാ ജയിലിൽ ഒരാൾക്ക് ഒരുദിവസം 120 ഗ്രാം എൽ.പി.ജി വാതകം ചെലവാകും. പ്രതിമാസം 60 സിലിണ്ടറുകൾ ആവശ്യമാണ്. ബയോഗ്യാസ് സ്ഥാപിച്ചതോടെ ഇത് പത്തായി കുറയ്ക്കാൻ കഴിയും.
കെ.അനിൽകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട്, പാലക്കാട്
 സോളാർ വൈദ്യുതി, പ്രവർത്തനം പുരോഗമിക്കുന്നു
ജില്ലാ ജയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കെ.എസ്.ഇ.ബിയുടെ ചെലവിൽ സോളാർ പാനൽ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 300 കിലോവാട്ട് ശേഷിയുള്ള സോളാർ നിലയമാണ് സ്ഥാപിക്കുന്നത്. പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബിയുടെ പരിശോധന പൂർത്തിയായി. പദ്ധതി നടപ്പായാൽ ഒരു ദിവസം 1200 യൂണിറ്റ് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. 25 വർഷത്തേക്ക് സ്ഥലം വൈദ്യുത വകുപ്പിന് പാട്ടത്തിന് നൽകുന്നതിലൂടെ 10% വൈദ്യുതി സൗജന്യമായി ലഭിക്കും. ഇതോടെ വൈദ്യുതി ചാർജ്ജും കുറയും. സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ഇ.ബിയുടെ ചെലവിൽ ഒരു ജില്ലാ ജയിലിൽ സോളാർ സ്ഥാപിക്കുന്നത്.