 
പാലക്കാട്: ജില്ലയിലെ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ തീറ്റതേടി താറാവ് കൂട്ടമെത്തി. തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘമാണ് ജില്ലയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാംവിള സമയത്ത് കൊവിഡ് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മിക്കസംഘങ്ങളും നാട്ടിലേക്ക് മടങ്ങാതെ അതിർത്തികളിൽ താമസിച്ചുവരുകയായിരുന്നു.
ആയിരകണക്കിന് താറാവുകളുമായി വിവിധ സംഘങ്ങൾ ആലത്തൂർ, തേങ്കുറുശ്ശി, കുഴൽമന്ദം, കുത്തന്നൂർ എന്നിവിടങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് പുറമെ മുട്ടയിടുന്ന താറാവുകളും കൂട്ടത്തിലുണ്ട്. പാടത്ത് കൊഴിഞ്ഞ നെൽ മണികളും കെട്ടിനിൽക്കുന്ന വെള്ളത്തിലെ പൊടിമീനുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വയലുകളിൽ താറാവ് കൂട്ടത്തെ ഇറക്കുന്നതിന് കൃഷി ഉടമയ്ക്ക് മുട്ടയാണ് പ്രതിഫലമായി കൊടുക്കുക. ഒരു പറയ്ക്ക് ഒരു മുട്ടയാണ് നൽകുക. ഇത്തവണ വയലുകളിൽ വെള്ളമുള്ളതിനാൽ നല്ല തീറ്റ കിട്ടും. കൂടാതെ താറാവ് മുട്ടയ്ക്ക് ആവശ്യക്കാർ ഏറെയായതിനാൽ ഈ സീസണിൽ മികച്ച വരുമാനമാണ് മിക്കവരും പ്രതീക്ഷിക്കുന്നത്.
തീറ്റ കുറവാകുന്ന സമയങ്ങളിൽ ഗോതമ്പും അരിയും മറ്റു ഭക്ഷ്യധാന്യങ്ങളുമാണ് നൽകുക. അനുകൂലമായ കാലവസ്ഥയായതിനാൽ താറാവുകൾക്ക് അസുഖം ബാധിക്കാതിരിക്കുകയും മുട്ടയ്ക്ക് നല്ല വില കിട്ടുകയും ചെയ്താൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതെ മുന്നോട്ടു പോകാൻ കഴിയുമെന്ന് തമിഴ്നാട് വേലൂരിൽ നിന്നെത്തിയ വള്ളി പറയുന്നു.