
പാലക്കാട്: ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ' ജൽ ജീവൻ മിഷന്റെ' ഒന്നാംഘട്ടം പ്രവർത്തനം ഈ ആഴ്ച ആരംഭിക്കും. ആദ്യഘട്ടത്തിൽ ജില്ലയിലെ 51 പഞ്ചായത്തുകളിലായി 89,895 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ നൽകും. ഇതിനായി 195 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളതെന്ന് വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ചെലവിന്റെ പത്ത് ശതമാനം ഗുണഭോക്താവ് വഹിക്കണം. ബാക്കിയുള്ള 90 ശതമാനത്തിൽ 45 ശതമാനം കേന്ദ്ര സർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം അതത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും വഹിക്കണം. പഞ്ചായത്തുകൾക്കാണ് പ്രധാനമായി പദ്ധതിയുടെ നടത്തിപ്പ് ചുമതല. സംസ്ഥാനത്ത് നിലവിൽ 67.40 ലക്ഷം ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ 17.5 ലക്ഷം വീടുകളിൽ മാത്രമാണ് നിലവിൽ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാകുന്നത്. 2024 ഓടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം.
 2021 മാർച്ചിൽ പൂർത്തിയാക്കും
2021 മാർച്ച് അവസാനത്തോടെ ജില്ലയിലെ 2,49,895 ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിൽ ജില്ലയിലെ 30 ഗ്രാമപഞ്ചായത്തുകളിലെ ഒരു ലക്ഷത്തി അറുപതിനായിരം വീടുകളിലും കണക്ഷൻ നൽകും, ഇതിനായി 731 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.
ആർ.ജയചന്ദ്രൻ, സൂപ്രണ്ടിംഗ് എൻജിനീയർ, ജില്ലാ വാട്ടർ അതോറിറ്റി, പാലക്കാട്