
അഗളി: ആനക്കട്ടിയിലെ കുട്ടി ടീച്ചർ അനാമിക സുധീറിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യൂത്ത് ഐക്കൺ അവാർഡ്. യു.ആർ.എഫ് സി.ഇ.ഒ സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
വൈദ്യുതിയും സ്മാർട്ട് ഫോണും ഇല്ലാത്തതിനാൽ കൊവിഡ് കാലത്തെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയെന്നത് അസാദ്ധ്യമായപ്പോഴാണ് തിരുവനന്തപുരം ജവഹർ നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരി അനാമിക പഠനത്തിന് സ്വയംവഴി കണ്ടെത്തിയത്. ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരി മൗലികയുമായി ചേർന്ന് ഒരു പഠനകേന്ദ്രം ആരംഭിക്കുകയായിരുന്നു. വീടിനോട് ചേർന്ന് ഓല ഷെഡിൽ ആണ് ക്ലാസുകൾ നടന്നിരുന്നത്. ഇതറിഞ്ഞതോടെ സമീപ വീടുകളിലെ കുട്ടികളും ക്ലാസിലേക്കെത്തി. പിന്നീട് അതൊരു സ്മാർട്ട് ക്ലാസ് പഠന കൂട്ടായ്മയായി മാറുകയായിരുന്നു. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ക്ലാസ്. മലയാളത്തിനു പുറമെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, ജർമ്മൻ എന്നിവയും പഠിപ്പിക്കുന്നുണ്ട്. കഥകൾ, കവിതകൾ, വ്യായാമം, കളികളെല്ലാം ചേർന്നതാണ് ക്ലാസുകൾ. കണക്കിനും സയൻസിനുമൊപ്പം സാമൂഹിക മര്യാദകളും കൃഷിപാഠവും പഠിപ്പിക്കുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികളാണുള്ളത്. പഠിക്കാൻ മറ്റു സൗകര്യങ്ങൾ ലഭ്യമായെങ്കിലും 13 കുട്ടികളുമായി അനാമിക സ്വന്തം സ്മാർട്ട് സ്കൂളിൽ തുടരുകയാണ്.
പഠനകേന്ദ്രത്തിന്റെ വാർത്ത പുറംലോകതെത്തിയതിനെ തുടർന്ന് അഗളി ബി.ആർ.സിയിലെ കോ-ഓർഡിനേറ്റർ വി.പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ നിരന്തരം സന്ദർശിച്ച് കുട്ടികൾക്ക് പേപ്പർ ബാഗ് പോലുള്ള സാധനങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനവും നൽകുന്നുണ്ട്. 
കൂടാതെ വൈദ്യുതി വകുപ്പിലെ എക്സിക്യൂട്ടിവ് എൻജിനീയറായ ബിനോയിയുടെ ശ്രമഫലമായി ഓണസമ്മാനമായി വൈദ്യുതി കണക്ഷൻും ലഭിച്ചു. ഒറ്റപ്പാലം റോട്ടറി ക്ലബ് ടി.വിയും, എ.ഇ.ഒ അനിൽകുമാർ, തിരുവനന്തപുരം നവോദയ വിദ്യാലയം എന്നിവർ മൊബൽ ഫോണും നൽകി. ആനക്കട്ടി ഇരുള കോളനിയിലെ കൂലുപ്പണിക്കാരായ സുധീർ, സജി ദമ്പതികളുടെ മക്കളാണ് അനാമികയും മൗലികയും.