 
ചിറ്റൂർ: കനത്ത മഴയിലും കാറ്റിലും ജില്ലയിലെ 477 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഏഴുകോടിയുടെ നാശനഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. കൊയ്ത്തിന് പാകമായ നെൽച്ചെടികളെല്ലാം നിലംപൊത്തി. ഉമ വിത്ത് ഒഴികെയുള്ള മറ്റ് ഇനങ്ങൾക്കൊന്നും മഴയിലും കാറ്റിലും പിടിച്ചുനിൽക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല.
സിഗപ്പി, പൗർണമി, പ്രത്യാശ, അക്ഷയ, സുപ്രിയ, ജയ തുടങ്ങിയവയെല്ലാം നിലംപൊത്തിയപ്പോഴും തന്റെ പ്രായോഗിക ജ്ഞാനത്തിലൂടെ പ്രതിസന്ധിയെ മറികടന്ന് പൊന്നുവിളയിച്ചിരിക്കുകയാണ് പെരുവെമ്പ് പടിഞ്ഞാറേപ്പാടം പാടശേഖരത്തിലെ സച്ചിദാനന്ദൻ.
കഴിഞ്ഞ 20 വർഷമായി കെ.എസ്.എസ്.ഡി.എയ്ക്ക് വേണ്ടി വിത്തുല്പാദനം നടത്തുന്ന കർഷകനാണ് അദ്ദേഹം. കഴിഞ്ഞ ഒരു സീസണിലൊഴികെ ബാക്കിയെല്ലാം ജ്യോതി വിത്താണ് ഉപയോഗിച്ചത്. ഇത്തവണ മേയ് 25ന് ഡെയിഞ്ച വിതച്ച് മണ്ണ് സമ്പുഷ്ടമാക്കി. വിത്തുല്പാദകനായതിനാൽ കൃഷിയിറക്കാൻ വൈകിയത് കൃഷി ഓഫീസ് അധികൃതരെ അറിയിച്ചിരുന്നു.
ജൂൺ 15ന് ഞാറ്റടി തയ്യാറാക്കി 28ന് യന്ത്ര നടീലും നടത്തി. ഇത്തവണ ജ്യോതിയോടൊപ്പം പൗർണമിയും വിളവിറക്കി. എഫ്.എ.സി.ടിയുടെ ജൈവവളം കൊടുക്കുന്നതിന് മുമ്പ് ഡെയിഞ്ച ഉഴുതുമറിച്ച് കുമ്മായം ഏക്കറിന് 100 കിലോ ചേർത്തു, യൂറിയ ഉപയോഗം കുറച്ചു. പകരം കാൽസ്യം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് ഇവ ലിറ്ററിന് രണ്ട് മില്ലീ കലക്കി രണ്ടുതവണ തളിച്ചു. പ്രതിരോധത്തിന് ബയോകൺട്രോൾ ലാബിൽ നിന്നുള്ള സ്യൂഡോമോണസും രണ്ടുതവണ ഉപയോഗിച്ചു. മഴ കഴിഞ്ഞതോടെ നെല്ല് കതിരിട്ടു.
കൊയ്യാൻ പത്തുദിവസം കൂടി വേണം. പെരുവെമ്പിൽ പാടെ നിലംപൊത്തിയ പൗർണമിയും ജ്യോതിയും സച്ചിദാനന്ദന്റെ പാടത്ത് വിളഞ്ഞു നിൽക്കുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്. ഈ പരീക്ഷണം കാർഷിക സർവകലാശാല പഠന വിഷയമാക്കേണ്ടതാണെന്ന് സ്ഥലം സന്ദർശിച്ച കൃഷി ഓഫീസർ ടി.ടി.അരുൺ പറഞ്ഞു.