vazha
രവീന്ദ്രൻ കൃഷിയിടത്തിൽ

നെന്മാറ: പാടവരമ്പിലെ വാഴകൃഷിയിൽ നൂറുമേനി വിളയിച്ച് വ്യത്യസ്തനാകുകയാണ് അയിലൂർ അരിയക്കോട് വി.രവീന്ദ്രൻ. രണ്ടുതവണ നെൽകൃഷി ചെയ്യുന്ന പാടശേഖരത്തിൽ കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ വാഴകൃഷി തുടങ്ങിയിരുന്നു രവീന്ദ്രൻ. ടിഷ്യൂകൾച്ചർ വാഴയാണ് നട്ടുവളർത്തിയത് എന്നതിനാൽ മികച്ച വരുമാനവും കിട്ടി. ഇതോടെയാണ് ഇത്തവണ എല്ലാ പാടവരമ്പിലേക്കും വാഴകൃഷി വ്യാപിപ്പിക്കാൻ ഈ കർഷകനെ പ്രേരിപ്പിച്ചത്.

പാടവരമ്പുകളിൽ മാത്രം 500 വാഴകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും കായ്ച്ചുതുടങ്ങി. പലതിന്റെയും കുല വെട്ടാനായെന്നും രവീന്ദ്രൻ പറയുന്നു. തോണിപ്പാടം പാടശേഖരത്തിൽപ്പെട്ട ഈ ഭാഗത്ത് വരമ്പിന് ചെറിയ തോതിൽ വീതി കൂട്ടി പാടത്തിനോട് ചേർന്നുതന്നെ കുഴിയെടുത്താണ് പുളിയംപെട്ടി ഇനത്തിലുള്ള വാഴ വച്ചിരിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷനും കൃത്യമായ ഇടവേളകളിൽ വളവും നൽകി പരിപാലിക്കുന്നുണ്ട്. കാറ്റിൽ വാഴ ഒടിയാതിരിക്കാൻ കയർകെട്ടി നിർത്തിയിട്ടുണ്ട്. നല്ല വില ലഭിക്കുന്നതിനാൽ വരമ്പിലെ വാഴകൃഷി ലാഭകരമാണെന്നാണ് രവീന്ദ്രന്റെ പക്ഷം.