ചെർപ്പുളശ്ശേരി: ഗവ. ഹൈസ്കൂളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച 'പീസ് ഓഫ് വാൾ' സംരക്ഷിക്കാൻ ആരുമില്ലാതെ നാശത്തിന്റെ വക്കിൽ. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനവും നടക്കാത്തതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. ഒന്നരവർഷം മുമ്പാണ് ചിത്രകാരനും ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസറുമായ അടക്കാപുത്തൂർ സ്വദേശി സുരേഷ് കെ.നായരുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയുടെ ചരിത്രവും സംസ്കാരും ഉൾപ്പെടുത്തിയുള്ള പീസ് ഓഫ് വാൾ നിർമ്മിച്ചത്. 7000 ചതുരശ്ര അടി വിസ്തീർണത്തിൽ 300 മീറ്റർ നീളത്തിലുള്ള ചുമർചിത്രം കേരളത്തിൽ തന്നെ അപൂർവ സൃഷ്ടിയാണ്.
സ്കൂൾ വികസന പദ്ധതിയായ സ്പേസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ സഹായ സഹകരണത്തോടെ ഏകദേശം 20 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പെയിന്റിംഗുൾപ്പടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചത്. സമാധാനം എന്നർത്ഥം വരുന്ന വാക്ക് ഇരുനൂറിലധികം ഭാഷകളിൽ മതിലിൽ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. ചെർപ്പുളശ്ശേരിയുടെ ചരിത്രം, കാളവേല, ഫുട്ബാൾ പാരമ്പര്യം എന്നിവയെല്ലാം ചിത്രങ്ങളായി മതിലിൽ അടയാളപ്പെടുത്തിയിരിക്കുന്നു. 2019 മേയ് മാസത്തിൽ മതിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും നടന്നില്ല. മതിലിന്റെ സംരക്ഷണത്തിനാവശ്യമായ രണ്ടാംഘട്ട പ്രവർത്തികൾ പൂർത്തീയാക്കാൻ കഴിയാത്തതായിരുന്നു ഉദ്ഘാടനത്തിന് തടസം.
മതിലിന്റെ സംരക്ഷണത്തിനായി മേൽക്കൂര നിർമ്മാണം, നടപ്പാതയിൽ ടൈൽ വിരിക്കൽ, കൈവരികൾ സ്ഥാപിക്കൽ, സി.സി ടി.വി ക്യാമറ നിരീക്ഷണം, വൈദ്യുത വിളക്കുകൾ തുടങ്ങിയ പ്രവൃത്തികളാണ് മുടങ്ങിക്കിടക്കുന്നത്. ഇപ്പോൾ മഴ പെയ്താൽ ഊർന്നിറങ്ങുന്ന വെള്ളം മതിലിൽ നേരിട്ട് പതിക്കുന്നുണ്ട്. ഇതു കാരണം കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഏറെയാണ്.
ടൂറിസം ഭൂപടത്തിൽവരെ ചെർപ്പുളശ്ശേരിക്ക് പ്രത്യേക ഇടം നേടിക്കൊടുക്കാൻ സാദ്ധ്യതയുള്ള ഒരു സൃഷ്ടികൂടിയാണ് പീസ് ഓഫ് വാൾ. നിലവിൽ കൊവിഡ് പ്രതിസന്ധി കൂടിയായതോടെ മതിലിന്റെ സംരക്ഷണവും രണ്ടാംഘട്ട പ്രവർത്തനവും നീളുകയാണ്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.