covid

പാലക്കാട്: ജില്ലയിൽ 11 ആരോഗ്യ ബ്ലോക്കുകളിൽ ഡൊമിസിലറി കെയർ സെന്ററുകൾ സജ്ജമായതായി നോഡൽ ഓഫീസർ ഡോ.മേരി ജ്യോതി അറിയിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാവുന്ന കൊവിഡ് രോഗബാധിതർക്ക് ആവശ്യമായ സൗകര്യം വീട്ടിലില്ലെങ്കിൽ ഡൊമിസിലറി കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയാം.

ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം മുഖേന നോഡൽ ഓഫീസറെയും ക്ലീനിംഗ് സ്റ്റാഫിനെയും സെന്ററുകളിൽ നിയമിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ ദിവസേന ഫോൺ മുഖേന രോഗികളുടെ ആരോഗ്യ വിവരം ശേഖരിക്കും. അടുത്തുള്ള കൊവിഡ് കെയർ സെന്ററിൽ നിന്നുള്ള സേവനവും ആവശ്യാനുസരണം ലഭ്യമാക്കും. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ലഭ്യമാക്കും.

ജില്ലയിൽ 13 ബ്ലോക്കുകളിലാണ് ഇത്തരത്തിൽ സെന്ററുകൾ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. കൊടുവായൂരിലെ പല്ലശന ചിന്മയ വിദ്യാലയം- 100, കുഴൽമന്ദത്ത് സാൻജോ കോളേജ് ഓഫ് ഫാർമസി- 75, കടമ്പഴിപ്പുറത്ത് ശ്രീകൃഷ്ണപുരം എൻജിനീയറിംഗ് കോളേജ്- 100, പഴമ്പാലക്കോട് ക്രസന്റ് നഴ്സിങ് സ്‌കൂൾ- 70 , കൊപ്പം ജി.വി.എച്ച്.എസ്.എസ്-100, ചാലിശ്ശേരിയിൽ തൃത്താല എം.ആർ.എസ്- 100, നന്ദിയോട് കറുവപ്പാറ സെന്റ് ഫ്രാൻസിസ് സ്‌കൂൾ- 100, വടക്കഞ്ചേരി വള്ളിയോട് സെന്റ് ഫ്രാൻസിസ് സ്‌കൂൾ-60, അലനല്ലൂരിൽ എടത്തനാട്ടുകര എച്ച്.എസ്.എസ്- 60, കോങ്ങാട് സെന്റ് മേരീസ് ബതനി സ്‌കൂൾ- 100, അമ്പലപ്പാറയിലെ കടമ്പൂർ എച്ച്.എസ്.എസ്- 100 എന്നിങ്ങനെ 11 സെന്ററുകളിലായി 965 കിടക്ക സജ്ജമായി.

ഇതുകൂടാതെ ചളവറ എച്ച്.എസ്.എസിൽ 100 ബെഡും കോങ്ങാട് മണ്ണൂർ മൗണ്ട് സീനയിൽ 100 ബെഡും സജ്ജമാക്കും. കൊപ്പത്തെ സെന്ററിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.