
പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളുടെ സംസ്ഥാനതല ശുചിത്വ പദവി പ്രഖ്യാപനം പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. ജില്ലയിൽ 33 സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പദവി ലഭിച്ചത്. 28 പഞ്ചായത്തുകളും നാല് നഗരസഭകളു ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുമാണ് പദവി നേടിയത്.
ഓരോ തദ്ദേശ സ്ഥാപനവും നടത്തിയ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനം വിലയിരുത്തി ഗ്രേഡിംഗ് നൽകിയാണ് പദവി നിർണയം. 100ൽ 60 മാർക്കിന് മുകളിൽ ലഭിക്കുന്നവയ്ക്കാണ് പദവി നൽകിയത്. ഹരിത മിഷന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, പഞ്ചായത്ത്-നഗരകാര്യ-ഗ്രാമവികസന വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലീൻ കേരള കമ്പനി എന്നിവ ഏകോപിച്ചാണ് പ്രവർത്തനം.
വിവരം ഫോണിലുമറിയാം
തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രവർത്തനങ്ങൾക്കൊപ്പം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീടുകളിലെ മാലിന്യശേഖരണ സംസ്‌കരണ രീതികൾ ഫോണിലൂടെ ജനങ്ങളിലെത്തിക്കുന്ന പരിപാടിയും ജില്ലയിൽ ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ വീടുകളിലെ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി ശുചിത്വം ഉറപ്പാക്കുകയും പകർച്ചവ്യാധി തടയുകയുമാണ് ലക്ഷ്യം. ഹരിതകർമ്മ സേനയുടെ നേതൃത്വത്തിലാണ് മാലിന്യശേഖരണം.
വീടുകളിലെ മാലിന്യം അജൈവ-ജൈവമായി തരംതിരിച്ച് സംസ്‌കരിക്കേണ്ട രീതികളെ കുറിച്ചുള്ള വിവരങ്ങളാണ് ഫോണിലൂടെ നൽകുക. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള മാർഗനിർദേശങ്ങളും ലഭിക്കും. അജൈവമാലിന്യം വേർതിരിച്ച് സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്നും മൊബൈൽ വഴി അറിയാം.
തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ്മസേന മാലിന്യം ശേഖരിക്കാൻ വരുന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും ലഭ്യമാകും. ഇതിന്റെ ഭാഗമായി വീടുകളിലെ മാലിന്യശേഖരണത്തെ കുറിച്ച് ഹരിതകർമ്മസേനയ്ക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. ഹരിത കേരളം മിഷന്റെയും കിലയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം. കിലയുടെ e-course എന്ന വെബ്സൈറ്റിൽ മാലിന്യസംസ്കരണ വീഡിയോ ലഭ്യമാണ്.